യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച യുഎസിയില്‍ വിമാനമിറങ്ങിയ സെലെന്‍സ്‌കി വൈറ്റ് ഹൗസിലെത്തിയാണ് ബൈഡനെ കണ്ടത്. 300 ദിവസം മുമ്പ് യുക്രൈനെ റഷ്യ ആക്രമിച്ചതിന് ശേഷം സെലന്‍സ്‌കി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. യുഎസ് ക്യാപിറ്റോളില്‍ നടന്ന കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന് മുന്നോടിയായാണ് വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച. ബുധനാഴ്ച രാത്രിയായിരുന്നു യോഗം.

വിമാനത്താവളത്തിലെത്തിയ സെലന്‍സ്‌കിയെ നേരിട്ട് വൈറ്റ് ഹൗസിലേക്ക് കൊണ്ടുപോവുകയായിരുന്നു. പച്ച കാര്‍ഗോ പാന്റും ടീ ഷര്‍ട്ടുമായിരുന്നു വേഷം. ബൈഡനൊപ്പം ഭാര്യ ജില്ലും വൈറ്റ് ഹൗസിലുണ്ടായിരുന്നു. യുഎസ്, യുക്രേനിയന്‍ പതാകകള്‍ പിടിച്ച സുരക്ഷാ ഭടന്മാര്‍ നിന്ന വാതിലുകള്‍ക്കപ്പുറത്തേക്ക് ബൈഡന്‍ അദ്ദേഹത്തെ അനുഗമിച്ചു. 

Zelensky arrived at the White House
Zelensky arrived at the White House

‘ ഈ ക്രൂരമായ യുദ്ധത്തിലൂടെ 300 ദിവസങ്ങള്‍ കടന്നുപോയെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാനുള്ള യുക്രൈന്‍കാരുടെ അവകാശത്തിന്മേല്‍ പുടിന്‍ ക്രൂരമായ ആക്രമണം നടത്തി. ഒരു കാരണവുമില്ലാതെ നിരപരാധികളായ ജനതയെ ഭയപ്പെടുത്താന്‍ ആക്രമിച്ചു.’, ബൈഡന്‍ പറഞ്ഞു.

‘യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുന്നു. വളരെ നന്ദി, മിസ്റ്റര്‍ പ്രസിഡന്റ്. തീര്‍ച്ചയായും, ഉഭയകക്ഷി പിന്തുണക്ക് നന്ദി, കോണ്‍ഗ്രസിന് നന്ദി, ഞങ്ങളുടെ സാധാരണക്കാരില്‍ നിന്ന് നിങ്ങളുടെ സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് നന്ദി,’ വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. 

Zelensky presents gift
Zelensky presents Biden with a gift. (AP photo)

യുദ്ധത്തില്‍ തകര്‍ന്ന യുക്രൈന് ശതകോടിക്കണക്കിന് മാനുഷികവും സൈനികവുമായ സഹായങ്ങള്‍ അയച്ചുകൊണ്ട് ബൈഡനും കോണ്‍ഗ്രസും പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനിടെയാണ് സെലെന്‍സ്‌കിയുടെ നിര്‍ണായക സന്ദര്‍ശനം.