വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് മാസത്തിനിടെ നൂറുകണക്കിന് യുഎഫ്ഒകൾ യുഎസ് സൈന്യം കണ്ടതായി റിപ്പോർട്ട്. പെന്റഗൺ അജ്ഞാത പേടകങ്ങളുടെ ദൃശ്യങ്ങൾ വിശദമാക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സൃഷ്ടിച്ച ഓൾ ഡൊമെയ്ൻ റെസല്യൂഷൻ ഓഫീസാണ് (ARO) സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 2004 നും 2021 നും ഇടയിൽ 140 UFO കാഴ്ചകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യു.എഫ്.ഒ ദൃശ്യങ്ങളുടെ റിപ്പോർട്ടുകൾ യുഎസ് മിലിട്ടറിയുടെ ഭാഗമായ ആർമി, നേവി, എയർഫോഴ്സ് അംഗങ്ങളാണ് പുറത്തുവിട്ടത്. ആകാശത്തും ബഹിരാകാശത്തും വെള്ളത്തിനടിയിലും യുഎഫ്‌ഒകൾ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവ അന്യഗ്രഹ പേടകങ്ങളല്ലെന്ന് ഓൾ ഡൊമൈൻ റെസല്യൂഷൻ ഓഫീസ് ഡയറക്ടർ സീൻ കിർക്ക്പാട്രിക് പറഞ്ഞു.

ഈ വർഷം ജൂലൈയിലാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് സ്ഥാപിക്കപ്പെട്ടത്. യുഎസ് സേനാവിഭാഗങ്ങൾ പലസമയങ്ങളിലായി കാണുന്ന അജ്ഞാതപേടകങ്ങളും വാഹനങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുക, അവ ക്രോഡീകരിക്കുക എന്നതാണ് ഓഫിസിന്റെ ലക്ഷ്യം. വായുവിലോ, ഉപരിതല ജലത്തിലോ വെള്ളത്തിനടിയിലോ കരയിലോ കാണപ്പെടുന്ന തിരിച്ചറിയാൻ സാധിക്കാത്ത പേടകങ്ങളെയെല്ലാം അജ്ഞാതപേടങ്ങളുടെ ഗണത്തിൽപെടുത്താനാണ് ഓഫിസിന്റെ നിർദേശം.

യുഎസ് സേനാംഗങ്ങൾ പലപ്പോഴും അജ്ഞാതനിലയിലുള്ള പേടകങ്ങളുടെ ദർശനത്തിന് സാക്ഷ്യം വഹിക്കാറുണ്ടെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ പലപ്പോഴും നാണക്കേടുകൊണ്ടോ മറ്റുള്ളവർ വിശ്വസിക്കില്ലെന്ന ഭയം കൊണ്ടോ ഇവ റിപ്പോർട്ട് ചെയ്യപ്പെടാറില്ലത്രേ. ഈ പ്രവണത മാറ്റാനും അജ്ഞാത പേടകങ്ങൾ കാണുന്ന മാത്രയിൽ അവയെ റിപ്പോർട്ട് ചെയ്യാൻ സൈനികരെ ബോധവത്കരിക്കാനും ഉദ്ദേശമിട്ടുള്ളതാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ്. ഇതിനായി വലിയ പ്രചാരണ പരിപാടികൾ അവർ സൈനികർക്കിടയിൽ നടത്തുന്നുണ്ട്.

യുഎഫ്ഒ ദർശനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കെന്നത്ത് അർനോൾഡ് എന്ന വ്യക്തിയാണ് ആദ്യമായി യുഎഫ്ഒ കണ്ടതായി യുഎസിൽ റിപ്പോർട്ട് ചെയ്തത്. ഇത്തരം പല സംഭവങ്ങൾ വന്നതോടെ പ്രോജക്ട് സൈൻ എന്ന പേരിൽ 1947ൽ യുഎസ് യുഎഫ്ഒ ദർശനങ്ങളെപ്പറ്റി പഠിക്കാനും ഇവയുടെ വിവരങ്ങൾ ക്രോഡീകരിക്കുവാനുമായി ഒരു പദ്ധതി തുടങ്ങി. പ്രോജക്ട് സൈൻ എന്നായിരുന്നു ഇതിന്റെ പേര്.

കൃത്യമായ ഒരു നിഗമനത്തിലെത്താൻ പ്രോജക്ട് സൈനിനു കഴിഞ്ഞില്ല. എന്നാൽ ഇതിൽ അംഗമായിരുന്ന എഡ്വാർഡ് ജെ. റുപ്പെൽറ്റ് എന്ന ക്യാപ്റ്റന്റെ അഭിപ്രായം വലിയ ചർച്ചകൾക്കു വഴിവച്ചു. യുഎസിൽ കാണപ്പെട്ട പല അജ്ഞാത പേടകങ്ങൾക്കും അന്യഗ്രഹസ്വഭാവമുണ്ടെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

തുടർന്ന്, പ്രോജക്ട് ഗ്രഡ്ജ്, പ്രോജക്ട് ബ്ലൂബുക്ക് തുടങ്ങിയ വലിയ പ്രോജക്ടുകളും യുഎസ് യുഎഫ്ഒകളെ ലക്ഷ്യമിട്ട് നടത്തി. ഇത് ഇടക്കാലത്ത് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, യുഎഫ്ഒകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർധിച്ചതോടെ ഈ മേഖലയിൽ രാജ്യം വീണ്ടും ശക്തമായ നിരീക്ഷണം നടത്തി. അന്യഗ്രഹ പേടകങ്ങൾക്കായുള്ള തിരച്ചിൽ കൂടാതെ, ശത്രു രാജ്യങ്ങളുടെ നിരീക്ഷണ പേടകങ്ങൾ യുഎഫ്‌ഒകളാണോ എന്ന് അന്വേഷിക്കുക എന്നതാണ് യുഎസ് അധികൃതരുടെ പ്രധാന ലക്ഷ്യം.