ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു നടുക്കമാണുണ്ടാവുക. ആ ഭീതി അടിസ്ഥാനരഹിതമല്ല താനും. സ്ത്രീകളില്‍ വരുന്ന ഗര്‍ഭാശയ മുഖത്തിന്റെ ക്യാന്‍സര്‍ അഥവാ സെര്‍വിക്കല്‍ ക്യാന്‍സര്‍ 100 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു ക്യാന്‍സറാണ്. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ലോകത്തിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്.

സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സീനായി മികച്ച ഒരു സംരംഭം ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 9 മുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ വാക്‌സീനുകള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം. ഓരോ ജില്ലയിലും 5 മുതല്‍ 10 വരെ ക്ലാസുകളില്‍ ചേര്‍ന്ന പെണ്‍കുട്ടികളുടെ എണ്ണം കണക്കാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതിനുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) CERVAVAC വാക്‌സീന്‍ അടുത്ത വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ എത്തിയേക്കും. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) തദ്ദേശീയമായ എച്ച്പിവി വാക്‌സീന്‍ നിര്‍മ്മിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്‌ഐഐ) വിപണി അംഗീകാരം നല്‍കി. ‘വാക്‌സിനേഷനായി സ്‌കൂളുകളില്‍ HPV വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍’ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇതുകൂടാതെ രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ സ്‌കൂളുകളില്‍ രക്ഷാകര്‍തൃ-അധ്യാപക സംഗമവും നടത്തും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റ് ബോര്‍ഡുകളുമായും ഏകോപനമുണ്ടാകും.

”ഗര്‍ഭാശയ ക്യാന്‍സര്‍ തടയാവുന്നതും ചികിത്സിച്ചു ഭേദമാക്കാവുന്നതുമായ രോഗമാണ്. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ സാധ്യമാണ്. മിക്ക സെര്‍വിക്കല്‍ ക്യാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസുമായി (എച്ച്പിവി) ബന്ധപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ വൈറസ് ബാധിക്കുന്നതിനുമുമ്പ് വാക്‌സീന്‍ നല്‍കിയാല്‍ എച്ച്പിവി വാക്‌സീന്‍ സെര്‍വിക്കല്‍ ക്യാന്‍സറിന്റെ മിക്ക കേസുകളും തടയാനാകും.” സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാര്‍, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ എന്നിവര്‍ പറഞ്ഞു. 

പ്രതിരോധ കുത്തിവയ്പ്പിനായുള്ള നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് (എന്‍ടിഎജിഐ) യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിലേക്ക് (യുഐപി) എച്ച്പിവി വാക്സീന്‍ അവതരിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 80,000 സെര്‍വിക്കല്‍ ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അടുത്തിടെ കോവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ എന്‍ കെ അറോറ പറഞ്ഞു. ഗര്‍ഭാശയ അര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോലും ചികിത്സിക്കാം.