ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ പതിനേഴുകാരിക്ക് ഹൈക്കോടതിയുടെ അനുമതി.തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദ കരള്‍ പകുത്ത് നല്‍കുന്നതിനാണ് കോടതി അനുമതി നല്‍കിയത്. ദാതാവിനെ കിട്ടാതെ വരികയും കുടുംബാംഗങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് പതിനേഴുകാരി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം സാധ്യമല്ല. ഈ സാഹചര്യത്തിലാണ്, ദേവനന്ദ തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

നിയമപരമായി വന്നുചേര്‍ന്ന പ്രതികൂല സാഹചര്യങ്ങളെ  ധീരതയോട് നേരിട്ട് പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.

അതേസമയം ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാധ്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ച ശേഷം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.