സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്‌സിനേഷനിലൂടെയുള്ള കോവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. ഭൂരിഭാഗം പേരും ഒന്നാം ഡോസ് വാക്‌സിനും, 88.55 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും, മുന്നണി പോരാളികളിൽ 19.30 ശതമാനം പേർ കരുതൽ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്‌സിനേഷനിലും സംസ്ഥാനം ഏറെ മുന്നിലാണ്. 15-17 വയസ് പ്രായക്കാരിൽ, 84.16 ശതമാനം ഒന്നാം ഡോസും, 57.12 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 12-14 പ്രായക്കാരിൽ 64.8 ശതമാനം ഒന്നാം ഡോസും, 24.97 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

വിവിധ രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. അതിനാല്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 

കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദേശം നല്‍കി.