ശബരിമലയിൽ മണ്ഡല- മകരവിളക്ക് സീസൺ ആരംഭിച്ചതോടെ കെഎസ്ആർടിസി റിക്കോർഡ് വരുമാനം സ്വന്തമാക്കിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. കെഎസ്ആർടിസി പമ്പ സ്‌പെഷ്യൽ സർവീസ് കഴിഞ്ഞ ദിവസം കളക്ട് ചെയ്തത് ഒരുകോടിയിലധികമാണ്. കെഎസ്ആർടിസിയുടെ കണക്കനുസരിച്ച് 1,015,5048 രൂപയാണ് പമ്പ സ്പെഷ്യൽ സർവ്വീസിലൂടെ കെഎസ്ആർടിസി വരുമാനമായി സ്വന്തമാക്കിയത്. പമ്പ സ്‌പെഷ്യൽ സർവീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണിതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടയ്ക്ക് ഒരു കുറവ് വന്നതിന് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നുണ്ട്. ഈ തിരക്കിനെ കെഎസ്ആർടിസി വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുവെന്നുള്ള സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നതും. 

ശബരിമലയിൽ എത്തുന്ന ഭക്തരിൽ കൂടുതൽപ്പേരും ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസുകളെയാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. നിലവിൽ ശബരിമലയിൽ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ഭക്തർ ഓരോ ദിവസവും ദർശനത്തിനായി എത്തുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇവരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് കെഎസ്ആർടിസിയെത്തന്നെയാണ്. എന്നാൽ കെഎസ്ആർടിസി ശബരിമല സ്പെഷ്യൽ സർവ്വീസിൻ്റെ പേരിൽ നടത്തുന്നത് പകൽക്കൊള്ളയാണെന്ന ആരോപണങ്ങളും ഇപ്പോൾ ഉയർന്നിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നും ശബരിമലയ്ക്ക് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളിൽ `പമ്പ സ്പെഷ്യൽ´ ബോർഡ് കയറിക്കഴിഞ്ഞാൽ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് വൻതുകയാണെന്നാണ് വിവരം. 

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ശബരിമലയ്ക്ക് ദിവസവും നിരവധി സ്പെഷ്യൽ ബസുകൾ പുറപ്പെടുന്നുണ്ട്. സാധാരണ ബസുകളിൽ നിന്ന് ഇവയ്ക്കുള്ള വ്യത്യാസം ബോർഡുകളിൽ സ്പെഷ്യൽ എന്ന വാക്കുള്ളത് മാത്രമാണ്. ഈ ബോർഡിൻ്റെ ബലത്തിൽ കെഎസ്ആർടിസി യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കായി വാങ്ങിയെടുക്കുന്നത് വൻ തുകകളാണ്. സാധാരണഗതിയിൽ പമ്പ സ്പെഷ്യൽ സർവ്വീസുകളിൽ യാത്ര ചെയ്യുവാൻ കയറുന്നത് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പൻമാർ മാത്രമല്ല. സാധാരണക്കാരായ യാത്രക്കാരും ഈ ബസുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ബസിൽ കയറുന്ന എല്ലാപേരിൽ നിന്നും ഒരേ തുകയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നതും. 

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും പമ്പയ്ക്കു പോകുന്ന ശബരി സൂപ്പർ ഡീലക്സ് ബസിൽ നടക്കുന്നത് പകൽക്കൊള്ളയാണ്. കൊട്ടാരക്കരവഴി പോകുന്ന സാധാരണ ശബരി സൂപ്പർ ഡീലക്സ് ബസിൽ കയറുന്ന ഒരാൾക്ക് വെഞ്ഞാറമുടുവരെയുള്ള ടിക്കറ്റ് നിരക്ക് 64 രൂപയാണ്. ഫാസ്റ്റ് പാസഞ്ചറിന് 42, സൂപ്പർ ഫാസ്റ്റിന് 44 എന്നിങ്ങനെയാണ് മറ്റു ബസുകളുടെ ടിക്കറ്റ് നിരക്കുകൾ. സൂപ്പർ ഫാസ്റ്റിനേക്കാൾ 20 രൂപ കൂടുതലാണ് ശബരി സൂപ്പർ ഡീലക്സ് ബസുകളിൽ. തിങ്കളാഴ്ച പോലുള്ള തിരക്കേറിയ ദിനങ്ങളിൽ നിരവധി പേർ ഈ ബസുകളെ യാത്രയ്ക്ക് ആശ്രയിക്കാറുണ്ട്. എന്നാൽ `ശബരിമല സ്പെഷ്യൽ´ എന്ന ഒരു ബോർഡ് കൂടി ബസിൽ കയറിറിയാൽ ടിക്കറ്റ് നിരക്കിലുണ്ടാകുന്നത് വൻ വർദ്ധനവാണ്. തിരുവനന്തപുരം- വെഞ്ഞാറമുട് 28 കിലോമീറ്റർ യാത്രയ്ക്ക് കെഎസ്ആർടിസിയുടെ ശബരി സൂപ്പർ ഡീലക്സ് ബസിൽ ടിക്കറ്റിനായി നൽകേണ്ടത് 64 രൂപയാണെങ്കിൽ ബസിനു മുന്നിൽ `പമ്പ സ്പെഷ്യൽ´ എന്ന ബോർഡുകൂടി വച്ചാൽ നൽകേണ്ടത് 85 രൂപയാണ്. സാധാരണ നിരക്കിനേക്കാൾ 21 രൂപ കൂടുതൽ. 

ബസ് പുറപ്പെടുന്ന ഡിപ്പോയിൽ നിന്നും 28 കിലോമീറ്റർ മാത്രം അകലെയുള്ള വെഞ്ഞാറമുട്ടിൽ ഇറങ്ങേണ്ട യാത്രക്കാർ 64ൻ്റെ സ്ഥാനത്ത് 85 മുടക്കേണ്ടി വരുമെങ്കിൽ കൊട്ടാരക്കരയോ പത്തനംതിട്ടയോ ഇറങ്ങേണ്ട യാത്രക്കാരുടെ കാര്യമൊന്ന് ആലോചിച്ചു നോക്കൂ. പമ്പ സ്പെഷ്യൽ ബസിന് സ്പെഷ്യൽ റേറ്റാണ് എന്ന വാദമാണ് കെഎസ്ആർടിസി ഉന്നയിക്കുന്നതെങ്കിൽ എന്ത് സ്പെഷ്യലാണ് ഈ ബസിനുള്ളതെന്നുകൂടി വ്യക്തമാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ബസിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലം അറിയിക്കുന്ന ബോർഡിനൊപ്പം പമ്പ സ്പെഷ്യൽ എന്നുള്ളത് മാത്രമാണ് ആകെയുള്ള സ്പെഷ്യാലിറ്റിയെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശബരിമലയ്ക്ക് പോകുന്ന അയ്യപ്പൻമാരെ ഉദ്ദേശിച്ചുള്ളതാണ് പമ്പ സ്പെഷ്യൽ സർവ്വീസുകളെന്നാണ് കെഎസ്ആർടിസി മുന്നോട്ടു വയ്ക്കുന്ന മറ്റൊരു വാദം. അയ്യപ്പൻമാർക്ക് മാത്രമുള്ള ബസ് ആണെങ്കിൽ പിന്നെ എന്തിനാണ് സാധാരണ യാത്രക്കാരെക്കൂടി കയറ്റുന്നതെന്നും യാത്രക്കാർ ചോദ്യമുയർത്തുന്നു. ഒരു സ്പെഷ്യൽ ബോർഡിൻ്റെ മറവിൽ കെഎസ്ആർടിസി കൊള്ള ചെയ്യുകയാണെന്നും ശബരിമല സീസണെ ഇത്തരത്തിൽ മുതലെടുക്കരുതെന്നും കെഎസ്ആർടിസിയുടെ കൊള്ളയ്ക്ക് ഇരയായ യാത്രക്കാർ പ്രതികരിക്കുന്നു. 

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന ജൻറം എസി ബസുകളിൽ പോലും വെഞ്ഞാറമൂട്ടിലിറങ്ങുവാൻ 73 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ സാഹചര്യത്തിലാണ് അയ്യപ്പൻമാരേയും സാധാരണക്കാരേയും ഒരുപോലെ പിഴിഞ്ഞ് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ സർവ്വീസുകൾ നടത്തുന്നത്. ഈ സ്പെഷ്യൽ സർവ്വീസുകളിൽ നിന്നും ദിനം പ്രതി കോടിക്കണക്കിന് രൂപയാണ് കെഎസ്ആർടിസി കൊയ്തുവാരുന്നതും. അയ്യപ്പൻമാരിൽ നിന്നും അമിത നിരക്ക് കെഎസ്ആർടിസി ഈടാക്കുന്നുവെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ അത് തെറ്റാണെന്നുകാട്ടി കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് കെഎസ്ആർടിസി പറയുന്നത് പച്ചക്കള്ളമാണെന്നാണ് മനസ്സിലാകുന്നത്. അയ്യപ്പൻമാരിൽ നിന്ന് മാത്രമല്ല മറ്റു യാത്രക്കാരിൽ നിന്നും കെഎസ്ആർടിസി നടത്തുന്നത് പകൽക്കൊള്ളയാണെന്ന തെളിവുകളാണ് പുറത്തു വരുന്നതും. വലിയ ലാഭത്തിൽ സർവ്വീസ് നടത്തുന്ന പമ്പ സ്പെഷ്യൽ ബസുകളിൽ ഇത്രവലിയ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അതല്ല, സാധാരണ നിരക്ക് ഏർപ്പെടുത്താൻ കഴിയില്ലെങ്കിൽ ഒരു ചെറിയ വർദ്ധനവ് ആകാമെന്നല്ലാതെ മനുഷ്യത്വരഹിതമായ ഇത്തരം നടപടികൾ കെഎസ്ആർടിസി കെെക്കൊള്ളരുതെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.