വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ഇന്ന് അമേരിക്ക സന്ദർശിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നും വിവരമുണ്ട്. യുക്രെയ്‌നിലേക്കുള്ള റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള സെലൻസ്‌കിയുടെ ആദ്യ വിദേശയാത്രയാണിത്. ഫെബ്രുവരി 24നാണ് റഷ്യൻ സൈന്യം യുക്രെയ്ൻ ആക്രമിക്കുന്നത്. 

നിരന്തരമായി റഷ്യൻ മിസൈൽ ആക്രമണം നേരിടുന്ന യുക്രെയ്‌ന്, അത്യാധുനിക പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകാൻ അമേരിക്ക തീരുമാനിച്ചിരുന്നു. മികച്ച റഡാറും കൃത്യതയാർന്ന മിസൈലുകളും ചേർന്ന പേട്രിയറ്റ് വന്നാൽ യുദ്ധഗതി മാറുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച ചർച്ചയും സെലൻസ്‌കിയുടെ യുഎസ് സന്ദർശന വേളയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം തീരുമാനം അന്തിമമല്ലെന്നും സുരക്ഷ മുൻനിർത്തി അവസാന നിമിഷത്തിൽ പോലും സന്ദർശനം ഒഴിവാക്കാൻ സാദ്ധ്യതയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ശൈത്യകാലത്തേയ്ക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ സഹായം നേടേണ്ടത് നിർണ്ണായകമാണെന്ന് സെലൻസ്‌കി പറഞ്ഞിരുന്നു. പിന്നാലെയാണ് സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനം. 

റഷ്യയുടെ നിരന്തരമായുള്ള മിസൈൽ ആക്രമണം യുക്രെയ്‌നിലെ സാധാരണക്കാരേയും രാജ്യത്തെ നിർണ്ണായക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളേയും പ്രതികൂലമായി ബാധിച്ചിരുന്നു.