ചൈനയില്‍ നിലവിലെ അതിരൂക്ഷ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തി. കൊവിഡ് ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. കോവിഡ് -19 ന്റെ വകഭേദമായ BF.7 ന്റെ രണ്ട് കേസുകള്‍ ഗുജറാത്തിലെ വഡോദരയിലും അഹമ്മദാബാദിലുമായാണ് കണ്ടെത്തിയിരിക്കുന്നത്. വഡോദരയിലെ സഭന്‍പുര പ്രദേശത്ത് താമസിക്കുന്ന വിദേശത്തു നിന്നെത്തിയ സ്ത്രീക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  

വഡോദര മുനിസിപ്പല്‍ കമ്മീഷണര്‍ ബഞ്ചനിധി പാനി പറയുന്നതനുസരിച്ച്, ഡിസംബര്‍ 9 ന് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന എന്‍ആര്‍ഐ യുവതിക്ക് ഡിസംബര്‍ 18 ന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്ത്രീയുടെ സ്രവ സാമ്പിള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചു. അതിന്റെ പരിശോധന ഫലമാണ് ഇന്ന് വന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് രണ്ട് പേരുടെ സ്രവ സാമ്പിളുകളും ജീനോം സീക്വന്‍സിംഗിനായി അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

വിദേശത്തു നിന്ന് എത്തിയ യുവതിക്ക് പുറമെ അഹമ്മദാബാദിലെ ഗോട്ട പ്രദേശത്ത് താമസിക്കുന്ന ഒരു പുരുഷനും ബിഎഫ്.7 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദിലെത്തിയ ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. 

അതേസമയം, അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതിന് പിന്നില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ പുതിയതും വേഗത്തില്‍ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു.