തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് ക്രൂര മർദ്ദനം. സർക്കിൾ ഇൻസ്പെക്ടർ യഹിയ ഖാനെയാണ് ആൾക്കൂട്ടംക്രൂരമായി മർദ്ദിച്ചത്. വിജിലൻസ് സർക്കിൾ ഇൻസ്പെക്ടറായ യഹിയാ ഖാന് സ്വന്തം വീടിനു മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. സർക്കിൾ ഇൻസപെക്ടറെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു.  മാണിക്കൽ കൊപ്പം അയോദ്ധ്യയിൽ ആനന്ദ് (26), മാണിക്കൽ തേവലക്കാട് എസ്.എസ്. ഭവനിൽ അനൂപ് (23), മാണിക്കൽ കൊപ്പം അഖിൽ ഭവനിൽ അഖിൽ (23), കൊപ്പം നന്ദു മന്ദിരത്തിൽ അരവിന്ദ് (22), കാട്ടായിക്കോണം ചന്തവിള തെങ്ങുവിളാകത്ത് വീട്ടിൽ ഗോകുൽ കൃഷ്ണൻ (23) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെല്ലാം യുവാക്കളാണ്. 

വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടറാണ് യഹിയ ഖാൻ. വെമ്പായം തേക്കട ജംഗ്ഷനു സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എയർഫോഴ്സ് ഉദ്യോഗസ്ഥൻ്റെ വിവാഹ വാർഷികവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. സിഐയുടെ വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വിവാഹവാർഷികാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട വാക്കുതർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. 

വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ യഹിയാഖാൻ്റെ വീടിൻ്റെ ഗേറ്റിന് മുന്നിൽ വാഹനം പാർക്കു ചെയ്യുകയായിരുന്നു. വീടിനുള്ളിലേക്ക് വാഹനം കടന്നുപോകാൻ കഴിയാത്ത രീതിയിലായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്തത്. ഇതിനിടെ ഡ്യൂട്ടി കഴിഞ്ഞെത്തിയ സി.ഐയുടെ വാഹനം വീടിനുള്ളിലേക്ക് കയറ്റാനോ പുറത്ത് നിറുത്തിയിടാനോ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് ഓഡിറ്റോറിയം അധികൃതരെ വിളിച്ച് ഗേറ്റിനു മുന്നിൽ നിന്ന് വാഹനങ്ങൾ മാറ്റിയിടാൻ സി.ഐ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

സർക്കിൾ ഇൻസ്പെക്ടറുടെ ആവശ്യത്തെ ചോദ്യം ചെയ്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചിലർ രംഗത്തെത്തുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും വാഹനത്തിനടുത്തുണ്ടായിരുന്നവരും ഓഡിറ്റോറിയത്തിൽ നിന്നെത്തിയവരും ചേർന്ന് സർക്കിൾ ഇൻസ്പെക്ടറെ വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു എന്നുമാണ് വിവരം. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് അഞ്ചുപേരെ അറസ്റ്റുചെയ്യുകയും പതിനഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. അതേസമയം മർദ്ദനത്തിൽ പരിക്കേറ്റ സർക്കിൾ ഇൻസ്പെക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹ വാർഷികം ആഘോഷിച്ച വ്യോമസേന ഉദ്യോഗസ്ഥൻ്റെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണെന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.