പത്തനംതിട്ട: പത്തനംതിട്ടയിൽ നരബലി നൽകാനുള്ള ശ്രമത്തിനിടെ യുവതി തലനാരിഴയ്ക്ക് ജീവൻ രക്ഷിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി നടന്ന പത്തംതിട്ട ജില്ലയിൽത്തന്നെയാണ് പുതിയ സംഭഭവും അരങ്ങേറിയത്. പത്തനംതിട്ടയിൽ തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. ഒരു സ്വകാര്യ ചാനൽ നടന്ന സംഭവങ്ങൾ പുറത്തു വിട്ടതോടെയാണ് ഈ സംഭവങ്ങൾ ലോകമറിയുന്നത്. 

കുടക് സ്വദേശിനിയെ ഇടനിലക്കാരി തിരുവല്ലയിൽ എത്തിച്ച് നരബലിക്ക് വിധേയാക്കുവാൻ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരങ്ങൾ. ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് അർദ്ധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്യാം എന്നപേരിൽ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചതെന്നാണ് വിവരം. ആഭിചാര കർമ്മത്തിനിടെ വാളെടുത്ത് വീശി തന്നെ ബലി നൽകാൻ പോകുന്നുവെന്ന് പറഞ്ഞുവെന്നും യുവതി വെളിപ്പെടുത്തുന്നു. 

ഈ സമയത്ത് ഇടനിലക്കാരിയായ അമ്പിളിയുടെ ഒരു ബന്ധു പൂജ നടന്ന വീട്ടിലെത്തിയതാണ് വഴിത്തിരിവായതെന്നാണ് യുവതി പറയുന്നത്. ആള് വന്നതറിഞ്ഞ് അവർ നരബലി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആ ബന്ധു അപ്പോൾ അവിടെ വന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. സംഭവം നടന്ന് ഇത്രയും ദിവസങ്ങളായിട്ടും ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.