തിരുവനന്തപുരം: കേരളത്തിലെ 45,417 കുടുംബങ്ങൾ താമസിക്കുന്നത് ചേരിയിലെന്ന് പാർപ്പിട-നഗരകാര്യ വകുപ്പ് മന്ത്രി കൗശൽ കിഷോർ. രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ 1.39 കോടി കുടുംബങ്ങളിൽ നിന്നുള്ള 6.54 കോടി പേർ താമസിക്കുന്നത് ചേരികളിലാണ്. 1,08,227 ചേരികളാണ് ഇന്ത്യയിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിലാണ് ഏറ്റവും കുറവ് കുടുംബങ്ങൾ ചേരികളിൽ താമസിക്കുന്നതെന്ന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. കേരളത്തിലെ 45,417 കുടുംബങ്ങളാണ് ചേരിയിൽ താമസിക്കുന്നത്. എന്നാൽ ഗുജറാത്തിൽ 3.45 ലക്ഷം കുടുംബങ്ങളാണ് ചേരിയിൽ കഴിയുന്നത്. ഉത്തർപ്രദേശിൽ 10.66 ലക്ഷം കുടുംബങ്ങളും മഹാരാഷ്ട്രയിൽ 24.99 ലക്ഷം കുടുംബങ്ങളുമാണ് ചേരികളിൽ കഴിയുന്നത്. മധ്യപ്രദേശിൽ 11.17 ലക്ഷം കുടുംബങ്ങളും കർണാടകത്തിൽ 7.07 ലക്ഷം കുടുംബങ്ങളും ചേരികളിൽ കഴിയുന്നവരാണ്.

അതേസമയം ചേരികൾ സംസ്ഥാനങ്ങളുടെ മാത്രം വിഷയമാണെന്ന് മന്ത്രി പറയുന്നു. ചേരി നിവാസികൾ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ദരിദ്രർക്കുള്ള ഭവന പദ്ധതികൾ സംസ്ഥാനവും കേന്ദ്രവും നടപ്പിലാക്കുന്നുണ്ട്. കേന്ദ്ര സഹായം നൽകികൊണ്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ചേരി നിവാസികൾ ഉള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് മനസിലാകുമെന്ന് എ എ റഹിം എംപി പറഞ്ഞു. ചേരിയിൽ കഴിയുന്നവർ കേരളത്തിൽ കുറവാണെന്നും റഹിം വ്യക്തമാക്കി.

മാതൃകാ സംസ്ഥാനമെന്ന് വാഴ്ത്തപ്പെടുന്ന ഗുജറാത്തിൽ 3,45,998 കുടുംബങ്ങൾ ചേരികളിലാണ് കഴിയുന്നത്. സൂറത്തിൽ മാത്രം 4,67,434 പേരാണ് ചേരികളിൽ താമസിക്കുന്നത്. വികസനത്തിന്റെ പേരിൽ ബിജെപി ഉന്നയിക്കുന്ന അവകാശവാദങ്ങൾ പൊള്ളയാണെന്നു തെളിയിക്കുന്നതാണ് പുറത്തുവന്ന കണക്കുകളെന്ന് റഹിം പറയുന്നു.