ഇന്ത്യക്കെതിരെ പരാമര്‍ശവുമായി പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി വീണ്ടും രംഗത്ത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുകയാണെന്നാണ് പരാമര്‍ശം. ഗുജറാത്തിലെ മുസ്ലീങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും സര്‍ദാരി ഒരു അഭിമുഖത്തിനിടെ ആരോപിച്ചു.

ബിജെപി നേതാക്കള്‍ തന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ താന്‍ ശരിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  തെളിയിച്ചുവെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞു.വാഷിംഗ്ടണ്‍ ഡിസിയില്‍ ബ്ലൂംബെര്‍ഗ് ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ബിലാവല്‍ ഭൂട്ടോ നടത്തിയത്. ‘ഒസാമ ബിന്‍ ലാദന്‍ മരിച്ചുവെന്ന് ഇന്ത്യയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’,എന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പരാമര്‍ശത്തില്‍ മറുപടി നല്‍കുകയായിരുന്നു പാക് വിദേശകാര്യമന്ത്രി. പാകിസ്ഥാന്‍ ഒസാമ ബിന്‍ലാദന് അഭയം നല്‍കിയെന്നായിരുന്നു ജയശങ്കര്‍ ആരോപിച്ചത്. 

‘നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതുവരെ ഈ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അദ്ദേഹം ആര്‍എസ്എസിന്റെ പ്രധാനമന്ത്രിയും ആര്‍എസ്എസിന്റെ വിദേശകാര്യമന്ത്രിയുമാണ്. എന്താണ് ആര്‍എസ്എസ്? ഹിറ്റ്‌ലറുടെ ‘എസ്എസില്‍’ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ആര്‍എസ്എസ്, പാക് മന്ത്രി ആരോപിച്ചു. പിന്നാലെ ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയോട് പ്രതികരിച്ച എസ് ജയശങ്കര്‍, പാകിസ്ഥാനികളില്‍ നിന്ന് ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലെന്ന് പറഞ്ഞു.