കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയിൽ രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ ചൈനയുടെ കോവിഡ് സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി എത്തിയിരിക്കുകയാണ് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗ്ൽ-ഡിംഗ്. ചൈനയുടെ ആകെ ജനസംഖ്യയിൽ 60 ശതമാനത്തിൽ അധികം പേർക്കും കൊറോണ വൈറസ് പിടിപെടാൻ സാദ്ധ്യതയുണ്ടെന്ന് എറിക് പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇത് സാദ്ധ്യമാകുമെന്നും ദശലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പ്രായമായവരുടെ വാക്‌സിനേഷൻ നിരക്ക് അടക്കം വർദ്ധിപ്പിക്കുന്നതിൽ ചൈനീസ് അധികൃതർ പരാജയപ്പെട്ടു. കൂടാതെ ആശുപത്രികളിലെ തീവ്രപരിചരണ ശേഷി വർദ്ധിപ്പിക്കുന്നതിലും ആൻറിവൈറൽ മരുന്നുകൾ സംഭരിക്കുന്നതിലും ചൈനീസ് അധികാരികൾ അലംഭാവം കാട്ടിയെന്നും എറിക് ട്വിറ്ററിൽ കുറിച്ചു. 

അടുത്തിടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ശ്മശാനങ്ങൾ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതായി വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ അടുത്തൊന്നും കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്. നവംബർ 19നും 23നും ഇടയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ചൈനയിൽ കൊറോണ മരണങ്ങൾ സംഭവിച്ചതായി സർക്കാർ പറയുന്നില്ല.

2020ന്റെ തുടക്കത്തിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതൽ, വൈറസ് പടരുന്നത് തടയാൻ ചൈനീസ് സർക്കാർ കർശനമായ ലോക്ക്ഡൗൺ, കേന്ദ്രീകൃത ക്വാറന്റൈനുകൾ, കൂട്ട പരിശോധന, കർശനമായ കോൺടാക്റ്റ് ട്രേസിംഗ് എന്നിവ ഉപയോഗിച്ചിരുന്നു. എന്നാൽ ചൈനയുടെ കർശന കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്ത് വലിയ രീതിയിലെ പ്രതിഷേധമാണ് ആളിക്കത്തിയത്. പിന്നാലെ ചൈനീസ് സർക്കാർ സീറോ കോവിഡ് നയം പിൻവലിച്ചിരുന്നു.

സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിച്ചത് രോഗികളുടെ വരവ് നേരിടാൻ ആശുപത്രികളെ സജ്ജരാക്കാത്ത അവസ്ഥയിലാക്കി. പരിഭ്രാന്തരായ ജനക്കൂട്ടം മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ സ്‌റ്റോക്ക് ചെയ്യുന്നതിനാൽ മരുന്നുകളും തീർന്നു തുടങ്ങി. മെട്രോകളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് അണുബാധ പടരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.