രാജസ്ഥാനിൽ വമ്പൻ പ്രഖ്യാപനവുമായി അശോക് ഗെഹ്ലോട്ട് സർക്കാർ. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകൾ നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും ഉജ്ജ്വല സ്‌കീമിൽ അംഗത്വമെടുത്തവർക്കുമാണ് ഈ നേട്ടം ലഭിക്കുക. ഈ കുടുംബങ്ങൾക്ക് ഓരോ വർഷവും 12 സിലിണ്ടറുകൾ പകുതിയിൽ താഴെ വിലയ്ക്ക് നൽകുമെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി.

2023 ഏപ്രിൽ ഒന്ന് മുതൽ ഈ സ്‌ക്രീം പ്രാബല്യത്തിൽ വരും. പണപ്പെരുപ്പത്തിന്റെ കാര്യം ഗൗരവമുള്ളതാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് സിലിണ്ടറുകൾ നൽകും. ഒരു വർഷം പാവപ്പെട്ടവർക്ക് 12 ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. ദരിദ്രർക്ക് പരമാവധി ആശ്വാസം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. 

സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി വരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടൊപ്പം നിർധനരായ ആളുകൾക്ക് അടുക്കള സാധനങ്ങളുടെ കിറ്റുകൾ നൽകാനുള്ള പദ്ധതിയും സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കും. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംസ്ഥാന സർക്കാർ സെൻസിറ്റീവ് ആണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

‘അടുത്ത മാസത്തെ ബജറ്റിനായി ഞാൻ തയ്യാറെടുക്കുകയാണ്. ഇപ്പോൾ ഒരു കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു. ഉജ്ജ്വല പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവർക്ക് എൽപിജി കണക്ഷനുകൾ നൽകി. എന്നാൽ സിലിണ്ടർ കാലിയായി തുടരുന്നു, കാരണം സിലിണ്ടർ നിരക്ക് ഇപ്പോൾ 400 നും 1,040 രൂപയ്ക്കും ഇടയിലാണ്, ഞങ്ങൾ ജനങ്ങൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ നൽകും’ ഗെലോട്ട് പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ 1,700 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് പ്രത്യേക പരാമർശം നടത്തി ഗെലോട്ടിന്റെ സർക്കാരിന്റെ നേട്ടങ്ങളെ അൽവാറിലെത്തിയ രാഹുൽ ഗാന്ധി പ്രശംസിച്ചു.