തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിലുയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാരിന് മനംമാറ്റം. വിഷയത്തിൽ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സർക്കാർ നേതൃത്വത്തിൽ കത്തോലിക്ക സഭയുമായി ചർച്ച നടത്തിക്കൊണ്ടാണ് അനുനയന നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും ആൻ്റണി രാജുവും മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം പട്ടത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് മന്ത്രിമാർ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. 

ഏതുവധേനയയും പ്രതിഷേധം ഒന്നടക്കുക, കോൺഗ്രസിന് പ്രതിഷേധ സമരത്തിൽ ഇടം കൊടുക്കാതെയിരിക്കുക എന്നീ ഉദ്ദേശ്യങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ബഫർസോണുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ചില നിണ്ണായക യോഗങ്ങളും ഇന്ന് വിളിച്ചിട്ടുണ്ട്. രാവിലെ വിദഗ്ധ സമതിയോഗവും ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവുമാണ് ചേരുന്നത്. ഫീൽഡ് സർവേക്കായി കാലാവധി നീട്ടിനൽകാൻ വിദഗ്ധസമിതി സർക്കാറിനോട് ആവശ്യപ്പെടാനാണ് നീക്കം. മാത്രമല്ല ഉപഗ്രഹസർവേ റിപ്പോർട്ടിനെതിരായ പരാതികൾ നൽകാനുള്ള തീയതിയും നീട്ടിയേക്കുമെന്നുള്ള സൂചനകളുമുണ്ട്. 

അടുത്ത മാസം ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹസർവേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. സർവേ റിപ്പോർട്ട് തയ്യാറായിക്കഴിഞ്ഞു. പക്ഷേ ഇതുസംബന്ധിച്ച് കനത്ത നിർദ്ദേശം പ്രതിഷേധം ഉയരുന്നതിനാൽ ആ റിപ്പോർട്ട് അപൂർണമാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അതിനെ തണുപ്പിക്കാനുള്ള വഴിയായിട്ടാണ് മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തെ വിലയിരുത്തുന്നത്. ഇതിനിടെ പ്രതിപക്ഷവും വിവിധ സംഘടനകളും സമരം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വെെകുന്നേരം നടക്കുന്ന യോഗത്തിൽ വനം, റവന്യു, തദ്ദേശ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് സൂചനകൾ. 

ബഫർസോൺ വിഷയത്തിൽ കൊണ്ടുപിടിച്ച നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻ്റ് എൻവയോൺമെൻറ് സെൻറർ തയ്യാറാക്കിയ ഉപഗ്രഹ സർവ്വ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി സുപ്രിംകോടതിയിൽ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഉപഗ്രഹസർവേ ബഫർസോൺ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് ഈ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കും. നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇക്കാര്യം ഇന്നത്തെ യോഗം ചർച്ചചെയ്യുമെന്നാണ് സൂചനകൾ. 

മലയോര മേഖലയിലെ ജനങ്ങളിൽ നിന്നും ഉപഗ്രഹസർവേക്കെതിരെ വ്യാപക പരാതികളാണ് ഉയർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ നേരിട്ടുള്ള സർവേക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പരാതികളിൽ കുടുംബശ്രീയുടെ സഹായത്തോടെ വനംവകുപ്പും തദ്ദേശവകുപ്പുമാണ് ഫീൽഡ് സർവേ നടത്താൻ ആലോചിക്കുന്നത്. ഫീൽഡ് സർവേക്കായി കാലാവധി നീട്ടിനൽകാൻ വിദഗ്ധസമിതി സർക്കാറിനോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. ഉപഗ്രഹസർവേ റിപ്പോർട്ടിനെതിരായ പരാതികൾ നൽകാനുള്ള തിയ്യതി 23 ന് അവസാനിക്കും. ഈ സാചര്യത്തിൽ സമയപരിധി നീട്ടാനും സമതി ശിപാർശ ചെയ്തേക്കും. അങ്ങനെയാണെങ്കിൽ ഈ രണ്ട് ആവശ്യങ്ങളും സർക്കാർ അംഗീകരിക്കാനാണ് സാധ്യത.