കോഴിക്കോട്: മദ്യവുമായെത്തിയ ചരക്കു ലോറി പാലത്തിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30ന് ഫറോക്ക് പഴയ പാലത്തിലാണ് സംഭവം. ഫറോക്ക് പഴയ പാലത്തിൻറെ സുരക്ഷാ കമാനത്തിൽ തട്ടി മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 

അപകടത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന അൻപതോളം കെയ്‌സ് മദ്യക്കുപ്പികൾ റോഡിൽ വീണു. ഈ കുപ്പികൾ എടുക്കാൻ നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. അനധികൃത മദ്യക്കടത്താണെന്നാണ് പോലീസിന്‍റെ സംശയം.

അപകടത്തിൽപ്പെട്ട ലോറി കോഴിക്കോട് ഭാഗത്ത് നിന്നുമാണ് എത്തിയത്. അപകടത്തിന് പിന്നാലെ ലോറി നിർത്താതെ പോവുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. മദ്യക്കുപ്പി റോഡിൽ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നാട്ടുകാർ എടുത്തുകൊണ്ട് പോയതിന്റെ ബാക്കി കുപ്പികൾ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.