എല്‍പാസൊ (ടെക്‌സസ്): സതേണ്‍ ബോര്‍ഡറിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ടെക്‌സസ് ബോര്‍ഡറിലുള്ള എല്‍പാസൊ സിറ്റി മേയര്‍ ഓസ്‌ക്കര്‍ ലീഡര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ 17 ശനിയാഴ്ച പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ അനധികൃതമായി കുടിയേറിയവരെ പുറത്താക്കുന്നതുവരെ(ഡിസംബര്‍ 21) പ്രാബല്യത്തിലുണ്ടാകുമെന്ന് മേയര്‍ പറഞ്ഞു.

എല്‍പാസോയിലെ കമ്മ്യൂണിറ്റിക്ക് താങ്ങാവുന്നതിലധികമാണ് കുടിയേറ്റക്കാരുടെ സംഖ്യയെന്നും മേയര്‍ പറഞ്ഞു. വിന്റര്‍ ശക്തിപ്പെടുകയും, താപനില താഴുകയും ചെയ്തതോടെ ഡൗണ്‍ടൗണ്‍ സ്ട്രീറ്റുകളില്‍ അവയുടെ കുടിയേറ്റക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍  എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഏകദേശം 6000ത്തിലധികം കുടിയേറ്റക്കാരാണ് ഓരോ ദിവസവും വിവിധ രഹസ്യ മാര്‍ഗങ്ങളിലൂടെ സിറ്റിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്നതെന്നും മേയര്‍ പറഞ്ഞു.

അതേസമയം എല്‍പാസോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഡാളസ് ഡൗണ്‍ടൗണിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിചേര്‍ത്തു.

അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ നിന്നും ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ടെക്‌സസ് ഗവര്‍ണ്ണര്‍ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും, ടെക്‌സസ് അതിര്‍ത്തിയില്‍ എത്തുന്നവരെ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്.