കൊച്ചി: കേരളത്തില്‍ റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെ(ഡിസംബര്‍ 20) മുതല്‍ ലഭ്യമാകും. കൊച്ചിയിലാണ് കേരളത്തിലാദ്യമായി 5ജി സേവനം അവതരിപ്പിക്കുക.  മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനം ഉദ്ഘാടനം ചെയ്യും. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വൈകുന്നേരം മുതല്‍ സേവനം ലഭ്യമാകുമെന്നാണ് വിവരം. അടുത്ത വർഷം അവസാനത്തോടെ രാജ്യം മുഴുവനായും 5ജി സേവനങ്ങൾ എത്തുമെന്നാണ് ജിയോയുടെ അറിയിപ്പ്.

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. നേരത്തെ മുംബൈ,ചെന്നൈ, ഡല്‍ഹി,കൊല്‍ക്കത്ത നഗരങ്ങളി പരീക്ഷണാടിസ്ഥാനത്തില്‍ 5ജി അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചത്. രാജ്യത്ത് ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്. 

ഒക്ലയുടെ സ്പീഡ് ടെസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 809.94mbps വരെയാണ് ജിയോയും എയര്‍ടെലും നല്‍കുന്ന 5ജി ഡൗണ്‍ലോഡ് വേഗത. ജൂണ്‍ മുതല്‍ ഡല്‍ഹിയില്‍ ജിയോയുടെ വേഗത 600mbps ( കൃത്യമായി പറഞ്ഞാല്‍ 598.58mbps) വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, കൊല്‍ക്കത്ത, വാരാണസി, മുംബൈ എന്നിവിടങ്ങളില്‍ ജിയോ 5G ഡൗണ്‍ലോഡ് വേഗത യഥാക്രമം 482.02mbps, 485.22mbps, 515.38mbps എന്നിങ്ങനെയാണ്.

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, റിലയന്‍സ് ജിയോ 5ജി വെല്‍ക്കം ഓഫര്‍ 2022 പ്രഖ്യാപിച്ചു. ഈ ഓഫറിന് കീഴില്‍, ജിയോ യോഗ്യരായ ഉപയോക്താക്കള്‍ക്ക് 1gbps അണ്‍ലിമിറ്റഡ് ഡാറ്റ സ്പീഡ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ജിയോ 5ജി ലഭ്യമാകുന്ന 4 നഗരങ്ങളില്‍ ഒന്നില്‍ താമസിക്കുന്ന യോഗ്യമായ 5ജി ഫോണുകളുള്ള ആളുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്.

നിങ്ങള്‍ക്ക് വെല്‍ക്കം ഓഫര്‍ ക്ഷണം ഉണ്ടോയെന്ന് പരിശോധിക്കാന്‍, MyJio ആപ്പിലേക്ക് പോകുക. ആപ്പില്‍ ഇത് കൃത്യമായി കാണിക്കും, അത് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ ജിയോ 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും