ചൈനയിലേക്ക് മടങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇന്ത്യയില്‍ താമസിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ആത്മീയ നേതാവ് ദലൈലാമ. ഇന്ത്യയെ തന്റെ സ്ഥിരവസതി എന്ന് വിളിക്കും. ചൈനയിലേക്ക് മടങ്ങേണ്ട കാര്യമില്ല. എനിക്ക് കൂടുതല്‍ ഇഷ്ടം ഇന്ത്യയാണ്. മികച്ച സ്ഥലമാണിത്,  മാധ്യമ പ്രവര്‍ത്തകരുമായുള്ള ഹ്രസ്വ സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു. ‘കാന്‍ഗ്ര — പണ്ഡിറ്റ് നെഹ്രുവിന്റെ തിരഞ്ഞെടുപ്പായിരുന്നു, ഈ സ്ഥലം എന്റെ സ്ഥിരം വസതിയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

86 കാരനായ ദലൈലാമ ടിബറ്റന്‍ ബുദ്ധമതക്കാരുടെ ആത്മീയ നേതാവും നോബല്‍ സമ്മാന ജേതാവുമാണ്. 1935 ജൂണ്‍ 6 ന് ലാമോ തോണ്ടുപ്പ് എന്ന പേരില്‍ ജനിച്ച അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം ദലൈലാമയുടെ 14-ാമത്തെ അവതാരമായി തിരിച്ചറിയപ്പെടുകയായിരുന്നു. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെ വിശുദ്ധ നഗരത്തിലേക്ക് അദ്ദേഹം മാറി.

എന്നാല്‍ 1950 ഒക്ടോബറില്‍ ആയിരക്കണക്കിന് ചൈനീസ് പട്ടാളക്കാര്‍ ടിബറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയും അത് ചൈനയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന ടിബറ്റിനുമേല്‍ പിടി മുറുക്കി. സ്ഥിതിഗതികള്‍ രൂക്ഷമായപ്പോള്‍, ചൈനീസ് പട്ടാളക്കാരെ ഭയന്ന് ദലൈലാമ അയല്‍രാജ്യമായ ഇന്ത്യയിലേക്ക് പലായനം ചെയ്തു. 1959ല്‍ ആയിരുന്നു ഈ കൂടുമാറ്റം.

പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കിയത്. അന്നുമുതല്‍ അദ്ദേഹം ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയിലെ മക്ലിയോഡ്ഗഞ്ചിലാണ് താമസം. ടിബറ്റിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അദ്ദേഹം ചൈനീസ് അധികാരികളുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷ.