ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ ഇന്ത്യന്‍ വംശജയായ യുവ സംരംഭക കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലെ ഡിക്‌സ് ഹില്‍ കോട്ടേജിലുണ്ടായ തീപിടുത്തത്തില്‍ മുപ്പത്തിരണ്ടുകാരിയായ തന്യ ബത്തിജയാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 14-നാണ് അപകടമുണ്ടായത്. അക്കൗണ്ടിംഗിലും ഫിനാന്‍സിലും എംബിഎ ബിരുദധാരിയായ ബത്തിജ കമ്മ്യൂണിറ്റി നേതാവായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇവര്‍ അടുത്തിടെ ലോംഗ് ഐലന്റിലെ ബെല്‍ പോര്‍ട്ടില്‍ ഡോനട്ട് ഷോപ്പ് ആരംഭിച്ചിരുന്നതായാണ് വിവരം. കാള്‍സ് സ്‌ട്രെയിറ്റ് പാത്തിലെ മാതാപിതാക്കളുടെ വീടിന് പുറകിലായിരുന്നു ബത്തീജ താമസിച്ച് വന്നിരുന്ന കോട്ടേജ്.

പ്രഭാത വ്യായാമത്തിനായി ബത്തിജയുടെ പിതാവ് ഗോവിന്ദ ബത്തിജ ഉണര്‍ന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബത്തിജയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ക്രിമിനല്‍ ഗൂഢാലോചന സാദ്ധ്യത തള്ളുന്നതായും സഫോക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ലെഫ്റ്റനന്റ് കെവിന്‍ ബെയ്റര്‍ അറിയിച്ചു.