കഴുത്തിൽ ജാവലിൻ തുളച്ചുകയറി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്ക്. ഒഡീഷയിലെ ബലംഗീർ ജില്ലയിലാണ്് സംഭവം. സ്‌കൂൾ കായിക മേളയിലെ മത്സരത്തിനിടെയാണ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അഗൽപൂർ ബോയ്സ് പഞ്ചായത്ത് ഹൈസ്‌കൂൾ വിദ്യാർത്ഥിയ്ക്കാണ് പരിക്കേറ്റത്.

പരിശീലനത്തിനിടെ ഒരു വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ സമീപത്ത് നിന്ന വിദ്യാർത്ഥി സദാനന്ദ് മെഹറിന്റെ കഴുത്തിൽ കുത്തിക്കയറുകയായിരുന്നു. കുട്ടിയെ ബലംഗീറിലെ ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ കഴുത്തിൽ നിന്നും ജാവലിൻ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

സ്‌കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചിരുന്നുവെന്നും ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) ചഞ്ചൽ റാണ പറഞ്ഞു. വിദ്യാർഥിയുടെ കുടുംബത്തിന് 30,000 രൂപ അടിയന്തര സഹായം നൽകാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. അതേസമയം, അപകടത്തെ തുടർന്ന് സ്‌കൂളിലെ കായികമത്സരം മാറ്റിവച്ചു.

പരിക്കേറ്റ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്നും അതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും സംസ്ഥാന മുഖ്യമന്ത്രി നവീൻ പട്‌നായിക്കും നിർദ്ദേശിച്ചിട്ടുണ്ട്.