റായ്പൂർ: ഡൽഹിയിലെ ശ്രദ്ധ വാക്കറിന് സമാനമായി ഝാർഖണ്ഡിലും കൊലപാതകം. ഭാര്യയെ കൊന്ന് 12 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബോറിയോ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. റൂബിക പഹാദിൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ദിൽദാർ അൻസാരിയാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം സന്താലി മോമിൻ തോലയിലെ ഒരു കച്ച ഹൗസിൽ നിന്നും യുവതിയുടെ ശരീര ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു.

കഴുത്ത് ഉൾപ്പെടെയുള്ള ശരീരത്തിന്റെ പല ഭാഗങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. 22 വയസ്സുകാരിയായ റൂബികയും 25 വയസ്സുകാരനായ ദിൽദാറും കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. റൂബികയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായിരുന്നു. പിന്നാലെ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. 

മാംസക്കഷണങ്ങൾക്കായി ചീറിപ്പായുന്ന നായക്കൂട്ടത്തെ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പരിശോധനയിൽ മാംസക്കഷണങ്ങൾ (കാലുകൾ) മനുഷ്യ ശരീരത്തിന്റേതാണെന്ന് കണ്ടെത്തി. ഗ്രാമവാസികൾ പോലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസുകാർ അന്വേഷണം നടത്തുന്നതിനിടെ പൂട്ടിയിട്ട വീട്ടിലെത്തിയപ്പോൾ വികൃതമാക്കിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ഇലക്ട്രിക് കട്ടർ പോലുള്ള മൂർച്ചയുള്ള ഉപകരണം കൊണ്ടാണ് ശരീരം മുറിച്ചതെന്നാണ് സൂചന. ദിൽദാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹേമന്ത് സോറൻ സർക്കാരിന്റെ കാലത്ത് പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണം വർദ്ധിച്ചതായി ബിജെപി ആരോപിച്ചു.