തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടർന്ന് ദുരിതമനുഭവിച്ച യാത്രക്കാർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആറ് വർഷത്തിന് ശേഷം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. മാനസിക വിഷമം നേരിട്ടതിനും അസൗകര്യം അനുഭവിച്ചതിനും ഇത്തിഹാദ് എയർവേയ്‌സ് വിമാനക്കമ്പനിയിൽനിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൃദ്ധ ദമ്പതികൾ നൽകിയ പരാതിയിലാണ് നടപടി.

ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി കെ. കുമാരൻ കുശഭദ്രനും ഭാര്യ രാധാമണിയും 2015ൽ തിരുവനന്തപുരത്ത് നിന്ന് ലോസ് ഏഞ്ചൽസിലേക്ക് ഇത്തിഹാദിന്റെ വിമാനത്തിൽ യാത്ര ചെയ്തപ്പോഴാണ് ദുരനു​ഭവം ഉണ്ടായത്.

2015 ഫെബ്രുവരി മൂന്നിന് 76,249 രൂപ നൽകിയാണ് തിരുവനന്തപുരത്തുനിന്നും അബുദാബി വഴി യു.എസിലെ ലോസ് ഏഞ്ചൽസിലേക്കും തിരിച്ചും രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തത്. എന്നാൽ, തിരുവനന്തപുരത്ത് നിന്ന് വിമാനം പുറപ്പെടാൻ ഒരു മണിക്കൂർ വൈകി. ഇതോടെ അബുദാബിയിൽനിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റ് നഷ്‌ടമായി. തുടർന്ന്, ഇവരുടെ സമ്മതമില്ലാതെ കണക്റ്റിംഗ് ഫ്ലൈറ്റ് കിട്ടാൻ ഇരുവരെയും ന്യൂയോർക്ക് വിമാനത്തിൽ കയറ്റി വിട്ടു. ഏറെ പ്രയാസം അനുഭവിച്ച് 13 മണിക്കൂർ വൈകിയാണ് തങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് ദമ്പതികൾ പരാതിയിൽ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള വിമാനം വൈകിയത് മോശം കാലാവസ്ഥ കാരണമാ​ണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും എയർലൈൻസ് ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കമീഷൻ, പരാതിക്കാരുടെ പ്രായം കണക്കിലെടുത്ത് അബുദാബിയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് നേരിട്ടുള്ള വിമാനം എയർലൈൻസിന് ക്രമീകരിക്കാമായിരുന്നുവെന്ന് ഉത്തരവിൽ പറഞ്ഞു. കൂടാതെ, അബുദാബിയിൽ നിന്ന് ന്യൂയോർക്ക് വഴി യാത്ര മാറ്റുന്ന വിവരം പരാതിക്കാ​രെ അറിയിക്കാതിരുന്നതിനെയും കമീഷൻ ചോദ്യം ചെയ്തു.

പരാതി നൽകിയ തീയതി മുതൽ പ്രതിവർഷം എട്ട് ശതമാനം പലിശ സഹിതം ഓരോ പരാതിക്കാർക്കും ഒരു ലക്ഷം രൂപ വീതം നൽകാനും നിയമനടപടികൾക്കുള്ള ചെലവായി 10,000 രൂപ നൽകാനും കമ്മീഷൻ വിമാനക്കമ്പനിയോട് ഉത്തരവിട്ടു.