മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരണപ്പെടുകയും 50 ല്‍ അധികം ആളുകളെ കാണാതാകുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് കോലാലംപൂരിന് സമീപമുളള ഒരു ക്യാമ്പ് സൈറ്റില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

തലസ്ഥാനമായ കോലാലംപൂരിന്റെ പ്രാന്തപ്രദേശത്തുള്ള സെലാംഗൂര്‍ എന്ന സ്ഥലത്ത് പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിനു സമീപം ക്യാമ്പിങ് സൗകര്യമൊരുക്കുന്ന ഫാം ഹൗസ് മണ്ണിടിച്ചിലില്‍ നശിച്ചതായി സംസ്ഥാന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. മണ്ണിടിച്ചിലില്‍ 79 പേര്‍ കുടുങ്ങിയതായും ഇതില്‍ 23 പേരെ രക്ഷപെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. മരണപ്പെട്ട രണ്ടുപേര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും 51 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സെലാംഗൂറില്‍ ഇതിന് മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.