വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ പരാമര്‍ശത്തില്‍ മറുപടിയുമായി പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ‘ഒസാമ ബിന്‍ ലാദന്‍ മരിച്ചുവെന്ന് ഇന്ത്യയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’, ഭൂട്ടോ പറഞ്ഞു. പാകിസ്ഥാന്‍ ഒസാമ ബിന്‍ലാദന് അഭയം നല്‍കിയെന്ന പരാമര്‍ശത്തിലാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

‘അദ്ദേഹം (പ്രധാനമന്ത്രി മോദി) പ്രധാനമന്ത്രിയാകുന്നതുവരെ ഈ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അദ്ദേഹം ആര്‍എസ്എസിന്റെ പ്രധാനമന്ത്രിയും ആര്‍എസ്എസിന്റെ വിദേശകാര്യമന്ത്രിയുമാണ്. എന്താണ് ആര്‍എസ്എസ്? ഹിറ്റ്ലറുടെ ‘എസ്എസില്‍’ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ആര്‍എസ്എസ്, പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിലാവല്‍ ഭൂട്ടോ നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാക് എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡല്‍ഹി ബിജെപി നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്.