ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി പോലീസ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ അനുവദിക്കും. ധനു മാസം ഒന്നാം തിയതിയായ ഇന്ന് 93,456 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ ഉയര്‍ന്ന പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് പോലീസ് ശ്രമിക്കുന്നത്. സന്നിധാനത്തും പമ്പയിലും മറ്റ് ഇടങ്ങളിലുമായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. പാര്‍ക്കിങ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുളള കാര്യങ്ങള്‍ പരിശോധിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തിയാവും പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക. ഇതിലൂടെയെല്ലാം തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്.