തിരുവനന്തപുരം: സമരം ചെയ്തതിന് നടപടി നേരിട്ട കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ എംജി സുരേഷ് കുമാർ വെെദ്യുതി ഭവനിൽ തിരിച്ചെത്തി. കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിൻ്റെ പേരിൽ പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റപ്പെട്ട സുരേഷ് കുമാർ എല്ലാ `പ്രതിസന്ധികളെ´യും തരണം ചെയ്തുകൊണ്ടാണ് തൻ്റെ തട്ടകമായ വെെദ്യുതി ഭവനിൽ തിരിച്ചെത്തിയത്. മാത്രമല്ല ഔദയോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന് കാട്ടി സുരേഷ് കുമാറിനെതിരെ കെഎസ്ഇബി മുൻ ചെയർമാൻ ഡോ: ബി. അശോക് നൽകിയിരുന്ന കുറ്റപത്രവും റദ്ദാക്കിയിട്ടുണ്ട്. നടപടിയുടെ ഭാഗമായി പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയ സുരേഷ് കുമാറിനെ തിരിച്ചെത്തിച്ച് ട്രാൻസ്മിഷൻ സൗത്ത് വി ഭാഗത്തിൽ എക്സിക്യൂട്ടീവ് എൻജീനിയറായാണ് നിയമിച്ചിരിക്കുന്നത്. 

അതേസമയം ഒരുവർഷമായി സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടിരുന്ന ജനറൽ സെക്രട്ടറി ബി, ഹരികുമാറിനെ എക്സിക്യൂട്ടീവ് എൻജിനിയറായി സ്ഥാനകയറ്റം നൽകി സ്വദേശമായ പത്തനംതിട്ടയിലും നിയമിച്ചു. നേരത്തെ ഹരികുമാറിനെ മൂവാറ്റുപുഴയിൽ നിന്നും പാലക്കാട്ടേക്കാണ് മാറ്റിയിരുന്നത്. ബോർഡ്റൂമിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് ഇരുവരെയും മറ്റൊരു നേതാവായ ജാസ്മിൻ ബാനുവിനെയും സസ്പെൻഡ് ചെയ്തിരുന്നത്. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ സസ്പെൻഷൻ പിൻവലിച്ചെങ്കിലും ജില്ലയ്ക്ക് പുറ ത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു. 

നേരത്തെ സുരേഷ് കുമാറിനെ വൈദ്യുതിഭവനിൽത്തന്നെ നിയമിക്കണമെന്നായിരുന്നു സിഐറ്റിയു മുന്നോട്ടു വച്ച ആവശ്യം. എന്നാൽ വെെദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും കെഎസ്ഇബി ചെയർമാൻ അശോകും ഈ ആവശ്യത്തെ എതിർത്ത് രംഗത്തെത്തുകയായിരുന്നു. ഈ ആവശ്യമാണ് ബോർഡും സംഘടനയും തമ്മിലുള്ള ശീതസമരത്തിലേക്ക് വഴിവച്ചത്. ഇതിനുപിന്നാലെ എംഎം. മണി വൈദ്യുതിമന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കെഎസ്ഇബി യുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിൻ്റെ പേരിൽ 6.75 ലക്ഷം പിഴയും ചുമത്തുകയായിരുന്നു. എംജി. സുരേഷ്‌കുമാര്‍ വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ വ്യവസ്ഥകള്‍ ലംഘിച്ച് വൈദ്യുതി ബോര്‍ഡിന്റെ കാര്‍ ഉപയോഗിച്ചതായുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. കെ.എല്‍.01 ബി.ക്യു. 2419 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്നോവ കാറാണ് വ്യവസ്ഥകള്‍ ലംഘിച്ച് സുരേഷ്‌കുമാര്‍ ഉപയോഗിച്ചിരുന്നത്. 2017 ഓഗസ്റ്റ് ഒന്ന് മുതല്‍ 2020 ജൂണ്‍ 27 വരെ ഈ കാര്‍ 77,181 കിലോമീറ്റര്‍ ഓടിയതായാണ് റിപ്പോർട്ടുകൾ. 

ഇത് ചൂണ്ടിക്കാട്ടിയാണ് സുരേഷ് കുമാറിന് വൻതുക പഴയിട്ട് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് ഉത്തരവിറക്കിയത്. ഇതിനിടെ കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട്  നടന്ന സമവായ ചര്‍ച്ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിരുന്നെങ്കിലും കർശനമായ നടപടികളുമായി സുരേഷ് കുമാർ മുന്നോട്ടു പോകുകയായിരുന്നു. ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയതും. വൈദ്യുതി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാൻ്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതിനെ എതിർത്ത് ബി അശോക് രംഗത്തെത്തിയിരുന്നു. കെകെ സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമായിരുന്നു ചെയര്‍മാൻ വ്യക്തമാക്കിയത്. 

ചെയർമാൻ തൽസ്ഥാനത്തു നിന്നും തെറിച്ചതിന് ശേഷം രാജകീയമായിത്തന്നെയാണ് കെ സുരേഷ് കുമാർ വെെദ്യുതി ഭവനിലേക്ക് മടങ്ങിയെത്തുന്നത്. വകുപ്പ് ഭരിക്കുന്നത് മുന്നണിയിലെ മറ്റൊരു പാർട്ടിയുടെ മന്ത്രിയാണെങ്കിലും നിയന്ത്രണം സിപിഎമ്മിനും പാർട്ടിയുടെ തൊഴിലാളി സംഘടനയ്്കും തന്നെയാണെന്ന് വ്യക്തമാകുകയാണ് പുതിയ നടപടികളിലൂടെ.