തൃശ്ശൂര്‍: തൃശ്ശൂര്‍ കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നുവീണ് രണ്ടുപേര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. 

കൊച്ചിയില്‍ നിന്ന് കൊരട്ടിയിലേക്ക് മടങ്ങിയ ഇരുവരും പുലര്‍ച്ചെ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഒരാള്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി മരിക്കുകയായിരുന്നു. രണ്ടാമത്തെയാളുടെ തല പ്ലാറ്റ്ഫോമില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെങ്കിലും ആരും അറിഞ്ഞില്ല.

പുലര്‍ച്ചെയായതും കൊരട്ടിയില്‍ സ്‌റ്റോപ്പുള്ള ട്രെയിനുകള്‍ കുറവായതിനാല്‍ ആള്‍ത്തിരക്ക് ഇല്ലാത്തതും കാരണമാണ് സംഭവം ശ്രദ്ധയില്‍പ്പെടാതെ പോയത്. രാവിലെ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.