വാഷിംഗ്ടണ്‍: മാർഗനിർദേശം ആവശ്യമില്ലാത്ത, വ്യോമായുധങ്ങളെ സ്‌മാർട്ട് ബോംബുകളാക്കി മാറ്റുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ യുക്രെയ്‌നിന് നൽകാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്.

യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് ബുധനാഴ്ച ഈ വിവരം റിപ്പോർട്ട് ചെയ്തത്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഉയർന്ന കൃത്യതയോടെ റഷ്യൻ സൈനിക സ്ഥാനങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന ഉപകരണങ്ങൾ ഉക്രെയിനിലേക്ക് അയക്കുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കിറ്റുകളിൽ കൃത്യതയ്ക്കായി ഗ്ലോബൽ പൊസിഷനിംഗ് ഉപകരണങ്ങൾ സംയോജിപ്പിക്കുകയും വിവിധ ആയുധങ്ങളിലേക്ക് ഘടിപ്പിക്കുകയും ചെയ്യാം. ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണീഷൻ അല്ലെങ്കിൽ ജെഡിഎഎം എന്നാണ് പെന്റഗൺ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. ഉക്രെയ്‌നിന്റെ കൈവശമുള്ള ഏത് പ്രത്യേക സംവിധാനങ്ങളാണ് ഇത്തരം ഉപകരണങ്ങള്‍ക്ക് യോജിക്കുക എന്ന് റിപ്പോർട്ട് വ്യക്തമാക്കിയിട്ടില്ല.

ബൈഡനോ അദ്ദേഹത്തിന്റെ ഏതെങ്കിലും ഉന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോ ജെ‌ഡി‌എ‌എമ്മുകളെ ഉക്രെയ്‌നിലേക്ക് മാറ്റുന്നതിന് അംഗീകാരം നൽകിയിട്ടുണ്ടോ എന്നും വ്യക്തമല്ല.

2,000 പൗണ്ട് വരെ ഭാരമുള്ള ബോംബുകളിൽ യുഎസ് സൈന്യം സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സാധാരണയായി ഇത് ബോംബർ വിമാനങ്ങളിലും യുദ്ധവിമാനങ്ങളിലുമാണ് ഉൾപ്പെടുത്തുന്നത്. അതേസമയം, ഉക്രെയ്ൻ ഇപ്പോഴും സോവിയറ്റ് കാലഘട്ടത്തിലെ മിഗ് ജെറ്റുകളെയാണ് ആശ്രയിക്കുന്നത്. കിയെവിൽ അതിവേഗ, റേഡിയേഷൻ വിരുദ്ധ മിസൈലുകൾ ഉൾപ്പെടെയുള്ള മറ്റ് നൂതന ആയുധങ്ങൾ അമേരിക്ക സജ്ജീകരിച്ചിട്ടുണ്ട്.

പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തേക്ക് അയക്കാന്‍ വാഷിംഗ്ടണിനോട് ഉക്രെയിന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നുണ്ട്. ഉക്രെയ്നിലേക്ക് മിസൈൽ സംവിധാനങ്ങൾ അയക്കാനുള്ള പദ്ധതികൾ ബൈഡൻ ഭരണകൂടം പൂർത്തിയാക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. മിക്കവാറും അത് ഈ ആഴ്ച തന്നെ പ്രഖ്യാപിക്കും.

ഞായറാഴ്ച ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ, തന്റെ ഭരണകൂടം “തങ്ങളുടെ സുരക്ഷാ സഹായത്തിലൂടെ ഉക്രെയ്‌നിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുന്നു” എന്ന് ബൈഡന്‍ പറഞ്ഞിരുന്നു.