പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 5 വയസുകാരന്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ പ്രവേശിച്ച പുള്ളിപ്പുലി വീട്ടില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു.


ഭണ്ഡാരിയയിലെ റോഡോ ഗ്രാമത്തിലെ ബ്രഹ്‌മദേവ് തുരിയുടെ വീട്ടിലാണ് പുലി കയറിയത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 5 വയസുകാരന്‍ വിക്രം തുരിയെ പുള്ളിപ്പുലി  കൊണ്ടുപോയി നദീതീരത്ത് കൊണ്ടുപോയാണ് കൊന്നത്. 

അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് പുലിയെ കണ്ടതായി ഡിഎഫ്ഒ ശശികുമാര്‍ പറഞ്ഞു. കുട്ടിയെ പുലി കൊന്ന് തിന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തിവരികയാണ്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കുമാര്‍ പറഞ്ഞു.