വായ്പത്തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയായ ഇന്ത്യന്‍ വജ്രവ്യാപാരി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനില്‍നിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നല്കിയ അപ്പീല്‍ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും തിരിച്ചടിയായി. നിലവില്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദിക്ക് യുകെയില്‍ ഇതോടെ നിയമപരമായ മാര്‍ഗങ്ങളൊന്നുമില്ലാതെയായി.
51 കാരനായ വജ്രവ്യാപാരിയെ മാനസികാരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൈമാറുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ തള്ളിയതോടെ വഞ്ചനാക്കുറ്റം ചുമത്തി ഇന്ത്യയിലേക്ക് കൈമാറുന്നത് അന്യായമോ അടിച്ചമര്‍ത്തലോ ആകില്ലെന്ന് കോടതി പ്രസ്താവിച്ചു. അപ്പീല്‍ തള്ളിയതോടെ ഇന്ത്യയിലെത്തി നീരവ് വിചാരണ നേരിടേണ്ടി വരുമെന്ന് എതാണ്ട് ഉറപ്പായി. യുറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നതു മാത്രമാണ് നീരവിനു മുന്നില്‍ ഇനിയുള്ള ഏക മാര്‍ഗമെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് പുറത്തായപ്പോള്‍ നീരവ് മോദി ഇന്ത്യ വിട്ടിരുന്നു. 2018ലാണ് ഇന്ത്യ വിട്ടത്. 13,000 കോടി രൂപയുടെ പിഎന്‍ബി അഴിമതിക്കേസിലെ മുഖ്യപ്രതിയാണ് നീരവ് മോദി. 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായി. നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറില്‍ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
പിഎന്‍ബിയില്‍ നിന്ന് 7,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളില്‍ വിചാരണ നേരിടാന്‍ നീരവ് മോദിയെ യുകെയില്‍ നിന്ന് കൈമാറാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ അധികൃതര്‍. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ രണ്ട് സെറ്റ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.