ന്യൂഡല്‍ഹി: പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ചാരന് ചണ്ഡീഗഢില്‍ അറസ്റ്റില്‍. ത്രിപേന്ദ്ര സിങ്ങെന്ന നാല്പതുകാരനെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. രഹസ്യാന്വേഷണ ഏജന്‍സി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി ചണ്ഡീഗഢിലെ സെക്ടര്‍-40ല്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ സിഖ് ഫോര്‍ ജസ്റ്റിസിനും പാകിസ്ഥാന്റെ ഐഎസ്ഐക്കുമായി ഇന്ത്യയില്‍ ചാരവൃത്തി നടത്തിയിരുന്നുവെന്നാണ് നിഗമനം.
കഴിഞ്ഞ 4 വര്‍ഷമായി പ്രതി പഞ്ചാബിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ഭൂപടങ്ങളും ഫോട്ടോകളും ഐഎസ്ഐക്ക് അയച്ചുകൊടുത്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്തിടെ പഞ്ചാബ് പോലീസിന്റെ ഓഫീസിന് നേരെയുണ്ടായ റോക്കറ്റ് ലോഞ്ചര്‍ ആക്രമണക്കേസിലെ പ്രതികളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.