കൊച്ചി: വിവാദമായ സിറോ മലബാർ സഭ ഭൂമി വിൽപന കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഹാജരാകാൻ സാവകാശം വേണമെന്ന മാർ ആലഞ്ചേരിയുടെ ആവശ്യം പരിഗണിച്ചാണ് കാക്കാനട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. ജനുവരി 18ന് മാർ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

ഭൂമി വിൽപന കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. കർദിനാൾ നേരിട്ട് ഹാജരാകണമെന്ന വിധി മറച്ചുവെച്ചാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു.

ഭൂമി വിൽപന കേസിൽ കർദിനാൾ ആലഞ്ചേരിയോട് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ജൂൺ 21നാണ് കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രജനി മോഹൻ ഉത്തരവിട്ടത്. അദ്ദേഹത്തിന് പുറമെ സഭയുടെ മുൻ പ്രോക്യുറേറ്ററായിരുന്ന ജോഷി പുതുവക്കും ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചപ്പോൾ, ജോർജ് ആലഞ്ചേരിക്ക് ഇളവുകൾ നൽകാനാവില്ലെന്നും നേരിട്ട് ഹാജരാകണമെന്നും ഹൈകോടതിയും വ്യക്തമാക്കി.

തൃക്കാക്കരയിലെ കരുണാലയം, ഭാരത മാത കോളജ് പരിസരങ്ങളിലെ ഭൂമിയുടെ വില്‍പനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഉത്തരവ്. കരുണാലയ പരിസരത്തെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ആറ് കേസും ഭാരത മാത കോളജിന് സമീപത്തെ ഭൂമി സംബന്ധിച്ച് ഒരു കേസുമാണ് ഉള്ളത്. വിൽക്കാൻ അനുമതിയില്ലാത്ത ഭൂമി വിൽപന നടത്തി, സാമ്പത്തിക നഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ജോഷി വര്‍ഗീസ് കേസ് നൽകിയിരുന്നു. ഇടപാടിൽ ഇടനിലക്കാരനായ സാജു വര്‍ഗീസ് ഹാജരായി ജാമ്യം എടുത്തിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാൽ അത്യാവശ്യ യാത്രകൾ ചെയ്യേണ്ട സാഹചര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആലഞ്ചേരി ഹരജി നൽകുകയായിരുന്നു. കര്‍ദിനാളിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി സന്ദര്‍ശിക്കുന്നുണ്ടെന്നും വാദിഭാഗം ഹൈകോടതിയെ അറിയിച്ചു. കോടതിയില്‍നിന്ന്​ നാല് കിലോമീറ്റര്‍ മാത്രം മാറിയാണ് അദ്ദേഹം താമസിക്കുന്നതെന്നും പരാതിക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

സീറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരെ പ്രതികളാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇ.ഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിൽപനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.