ഹലാൽ സർട്ടിഫിക്കറ്റുകൾ നിരോധിക്കണമെന്നും, കർണാടകയിൽ ‘ലവ് ജിഹാദ് വിരുദ്ധ’ പോലീസ് സേന രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി (എച്ച്ജെഎസ്) ചൊവ്വാഴ്‌ച ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ സെക്രട്ടറി സിടി രവിക്ക് നിവേദനം കൈമാറി. വരുന്ന ശീതകാല സമ്മേളനത്തിൽ ഹലാൽ വിരുദ്ധ നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ എംഎൽഎമാർക്കും ഇവർ നിവേദനം നൽകിയിട്ടുണ്ട്.

ഹലാൽ സർട്ടിഫിക്കറ്റ് നിരോധന നിയമം കൊണ്ടുവരണമെന്ന് ഹിന്ദു അനുകൂല സംഘടന ആവശ്യപ്പെട്ടു. അടുത്ത കർണാടക ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. കർണാടക ആരോഗ്യമന്ത്രി കെ സുധാകറിന് ഹലാൽ സർട്ടിഫിക്കറ്റ് നിരോധിക്കണമെന്ന നിവേദനവും എച്ച്ജെഎസ് സമർപ്പിച്ചിട്ടുണ്ട്. 

രാജ്യത്ത് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനം സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന് ഒക്ടോബറിൽ എച്ച്ജെഎസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മാംസത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഹലാൽ സർട്ടിഫിക്കറ്റ് ഇപ്പോൾ റസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, ഫാഷൻ വ്യവസായം, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ വിൽപ്പനയിലേക്കും വ്യാപിപ്പിച്ചതായി പാർട്ടി ദേശീയ വക്താവ് ആരോപിച്ചിരുന്നു.