ഹൈദരാബാദ്: ഹൈദരാബാദില്‍ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി പൊലീസ്. സിറ്റി കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കാന്‍ എംപിയും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷനുമായ രേവന്ത് റെഡ്ഡി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്റെ മുഖ്യ രാഷ്ട്രീയതന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ ഹൈദരാബാദിലെ ഓഫീസില്‍ തെലങ്കാന പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധത്തിന് സംസ്ഥാന കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിനെതിരെ അഞ്ച് പരാതികള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് അഞ്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഏകദേശം 50 കംപ്യൂട്ടറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

അതിനിടെ, ഹൈദരാബാദിലെ പാര്‍ട്ടി വാര്‍ റൂമില്‍ നിന്ന് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തെലങ്കാന ഇന്‍ചാര്‍ജും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മാണിക്കം ടാഗോര്‍ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

മുന്‍ എംപിയും ടിപിസിസി വൈസ് പ്രസിഡന്റുമായ മല്ലു രവി ഉള്‍പ്പെടെയുള്ള നേതാക്കളെയും പൊലീസ് വീട്ടുതടങ്കലിലാക്കി. ‘ഒരു കാരണവുമില്ലാതെ ബുധനാഴ്ച പുലര്‍ച്ചെ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. പോലീസ് നടപടികളില്‍ മാന്യമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് സ്വാതന്ത്ര്യമില്ല. പ്രതിപക്ഷ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി കാവല്‍ക്കാരനെപ്പോലെയാണ്’, അദ്ദേഹം പറഞ്ഞു. 

‘ഇന്ന്, മുഖ്യമന്ത്രി കെസിആര്‍ ഡല്‍ഹിയില്‍ ബിആര്‍എസ് പാര്‍ട്ടി തുടങ്ങി. ഇതിനൊപ്പം തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളെ ന്യായമായ കാരണങ്ങളൊന്നുമില്ലാതെ വീട്ടുതടങ്കലിലും ആക്കി. തെലങ്കാന സംസ്ഥാനത്തെ പോലീസ് ഭരണത്തിന്റെ ഉദാഹരണമാണിത്. മനുഷ്യാവകാശങ്ങളില്ലാതെ തെലങ്കാനയില്‍ എങ്ങനെ ഭരിക്കണമെന്നാണ് കെസിആര്‍ കാണിക്കുന്നത്. പോലീസ് ഭരണം അധികനാള്‍ തുടരാനാവില്ലെന്നാണ് ചരിത്രം പറയുന്നത്’, മല്ലു രവി കൂട്ടിച്ചേര്‍ത്തു.