ബിഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. ഛപ്രയിലെ സരണ്‍ ജില്ലയിലാണ് വ്യാജ മദ്യം കഴിച്ച്  അഞ്ച് പേര്‍ മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വിഷം കലര്‍ന്ന മദ്യം കഴിച്ചാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങളുടെ വാദം. ഇസുവാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോയ്ല ഗ്രാമത്തിലും മഷ്റക് പോലീസ് സ്റ്റേഷന്‍ പരിധിയിലെ യദു മോറിലുമാണ് സംഭവം നടന്നത്. മൂന്ന് പേര്‍ ഗ്രാമത്തില്‍ വെച്ച് തന്നെ മരിക്കുകയും രണ്ട് പേര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരണപ്പെട്ടത്.

സഞ്ജയ് സിംഗ്, ഹരീന്ദര്‍ റാം, കുനാല്‍ സിംഗ്, അമിത് രഞ്ജന്‍ എന്നിവരാണ് വ്യാജ മദ്യം കഴിച്ച് മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗ്രാമീണരെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണെന്ന് മധുര ഡിഎസ്പി പറഞ്ഞു. ജില്ലാ പോലീസ് സേന ഛപ്ര സദര്‍ ആശുപത്രിയിലെത്തി അമിതിന്റെ മൃതദേഹം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം വ്യാജമദ്യം കഴിച്ചുളള മരണസംഖ്യ ഉയരുന്നതിനെക്കുറിച്ച്  ഭരണകൂടം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.