ന്യൂയോർക്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ആർട്ടിമിസ് പദ്ധതിയിലെ ഒന്നാംഘട്ടം (ആർട്ടിമിസ് 1) വിജയകരം. നാസയുടെ ചാന്ദ്രദൗത്യ പേടകം ഒറിയോൺ ഭൂമിയിൽ തിരികെയെത്തി. പസഫിക് സമുദ്രത്തിലെ പടിഞ്ഞാറൻ ബാജാ കാലിഫോണിയ തീരത്താണ് ഒറിയോൺ 28 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയ പേടകം പതിച്ചത്.

കടലിൽ നിന്ന് യു.എസ് നാവികസേനയുടെ സഹായത്തോടെ വീണ്ടെടുക്കുന്ന പേടകം നാസ കേന്ദ്രത്തിലേക്ക് മാറ്റും. മൂന്ന് ബൊമ്മകളെയാണ് ഒറിയോൺ പേടകം കൊണ്ടുപോയത്. ഇവയുടെ സ്പേസ് സ്യൂട്ട് ശാസ്ത്രജ്ഞർ വിശദമായി പരിശോധിക്കും.

ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിക്കുക, പേടകത്തിനുള്ളിലെ ചലനവും അണുവികിരണ തോതും മനസിലാക്കുക എന്നിവയാണ് ആർട്ടിമിസ് ഒന്നിന്റെ ലക്ഷ്യം.

പരീക്ഷണ ഘട്ടം വിജയമായാൽ 2024ൽ ആർട്ടിമിസ് 2 ദൗത്യത്തിൽ നാലു പേരടങ്ങിയ യാത്രാസംഘത്തെ അയക്കും. ഈ ദൗത്യത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്യും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്തവരായി ഇതിലെ യാത്രികർ മാറും. 2025ൽ നടത്തുന്ന ആർട്ടിമിസ് 3 ദൗത്യത്തിൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനാണ് നാസ പദ്ധതി തയാറാക്കിയത്.

നവംബർ 16ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് 7700 കിലോ ഭാരമുള്ള ഒറിയോൺ പേടകവും വഹിച്ചു കൊണ്ട് എസ്.എൽ.എസ് റോക്കറ്റ് ചന്ദ്രനെ ലക്ഷ്യമാക്കി പറന്നുയർന്നത്. നവംബർ 21ന് പേടകം ഭൂമിയിൽ നിന്ന് 2,32,000 മൈൽ (3,75,000 കിലോമീറ്റർ) അകലെയുള്ള ചന്ദ്രനിലെത്തി.

50 വർഷം മുമ്പ് നാസയുടെ അപ്പോളോ പദ്ധതിക്ക് ശേഷം ഇതാദ്യമായാണ് പേടകം ചന്ദ്രനിലെത്തുന്നത്. 410 കോടി യു.എസ് ഡോളറാണ് ഇതിനായി ചെലവഴിച്ചത്.