ന്യൂയോർക്ക്: വനിതാ വിമോചന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തക ഡൊറോത്തി പിറ്റ്മൻ ഹ്യൂസ്(84) അന്തരിച്ചു. ആ​ഫ്രോ അമേരിക്കൻ വനിതയും കുട്ടികളുടെ അവ​കാശങ്ങൾക്കായി പൊരുതുകയും ചെയ്ത ഇവർ, വനിതാവകാശ പ്രവർത്തക ഗ്ലോറിയ സ്റ്റെയ്നെനുമായി ​

​ചേർന്ന് 1970 കളിൽ യു.എസിൽ നടത്തിയ പര്യടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വനിതാവിമോചന പ്രസ്ഥാനത്തിന്റെ രണ്ടാം തരംഗത്തിനുതന്നെ കാരണമായതായി ഈ പര്യടനം വിലയിരുത്തപ്പെടുന്നു. ഇരുവരും കലാലയങ്ങളിലും കമ്മ്യൂണിറ്റി സെന്ററുകളിലും മറ്റും നടത്തിയപ്രസംഗങ്ങൾ യുവാക്കൾക്ക് ആവേശമായിരുന്നു.

1938ൽ ​ജോർജിയയിൽ ജനിച്ച ഡൊറോത്തി 1950കളിലാണ് ന്യൂയോർക്കിലേക്ക് മാറിയത്. വനിതകൾക്കുവേണ്ടി ന്യൂയോർക്ക് നഗരത്തിൽ ആദ്യമായി അഭയകേന്ദ്രം സ്ഥാപിച്ചതും ശിശുസംരക്ഷണ ​പ്രവർത്തന ഏജൻസി തുടങ്ങാൻ നേതൃത്വം നൽകിയതും ഡൊറോത്തിയായിരുന്നു. മൻഹാറ്റനിൽ സ്ഥാപിച്ച കമ്മ്യൂണിസ്റ്റി സെന്റർ വഴി എണ്ണമറ്റ കുടുംബങ്ങൾക്ക് തുണയായി. തൊഴിൽ, അഭിഭാഷക പരിശീലനം എന്നിവയാണിതുവഴി നൽകിയത്.

ഫ്ലോറിഡയിലെ ടാമ്പയിൽ മകളുടെയും മരുമകന്റെയും വീട്ടിൽവെച്ചാണ് ഹ്യൂസിന്റെ അന്ത്യം. പ്രായാധിക്യമാണ് കാരണമെന്ന് മകൾ ഡെലേത്തിയ റിഡ്‌ലി മാൽസ്റ്റൺ അറിയിച്ചു. 2000-ൽ ഹ്യൂസ് തന്റെ ജീവിതാനുഭവം വേക്ക് അപ്പ് ആൻഡ് സ്‌മെൽ ദ ഡോളർസ് എന്ന പേരിൽ ഒരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു.