തിരുവനന്തപുരം: പ്രതിഫല വിവാദമുയർത്തിയ നടൻ ബാലയുടെ പൊള്ളത്തരങ്ങൾ ഒരിക്കൽ കൂടി തുറന്നുകാട്ടി ഉണ്ണി മുകുന്ദൻ. പ്രതിഫലം ലഭിച്ചില്ലെന്ന് ബാല പറഞ്ഞ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ നടൻ നടത്തിയ പരാമർശങ്ങളുടെ വീഡിയോ പുറത്തുവിട്ടാണ് ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയത്. ഇതിനൊപ്പം അടുത്ത ചിത്രം മാളികപ്പുറത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

പ്രൊമോഷൻ വേളയിൽ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് ബാല വാചലനാകുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഞാൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തപ്പോൾ ഉണ്ണീ നീ ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. ചോദിക്കാതെ വന്ന് അഭിനയിച്ചു. കഥാപാത്രമെന്താണെന്ന് പോലും ചോദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ അഭിനയിക്കും. ഷെഫീഖിന്റെ സന്തോഷത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഇത് നിനക്ക് വേണ്ടി ചെയ്യുമെന്ന് ഞാൻ പറഞ്ഞു. അതിന് കാരണം ഉണ്ണിയെ ഒരു നടനായോ, നായകനായോ കണ്ടിട്ടല്ല. മറിച്ച് നല്ലൊരു മനുഷ്യനായി കണ്ടിട്ടാണ്. ഒരു നല്ല മനസ്സ് വേണം. അത് ഉണ്ണിയ്‌ക്കുണ്ട്. നിങ്ങളെപ്പോലുള്ള നടന്മാർ അഭിനയിക്കണമെന്ന് ഉണ്ണി എന്നോട് പറഞ്ഞു’. ആ നല്ല മനസ്സ് കുറച്ച് പേർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും വീഡിയോയിൽ ബാല പറയുന്നുണ്ട്.