ഡല്‍ഹിയില്‍ സുരക്ഷാ ഏജന്‍സി നടത്തുന്നയാള്‍ക്കെതിരെ സൈബര്‍ തട്ടിപ്പ്. ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ പിന്‍വലിച്ചത്. തന്റെ ഒടിപി നമ്പര്‍ പോലും ആരുമായും പങ്കുവെച്ചിട്ടില്ലെന്ന് തട്ടിപ്പിനിരയായ ആള്‍ പറയുന്നു. എന്നിട്ടും അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായി. ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നവംബര്‍ 13 ന് ഒരു അജ്ഞാത നമ്പറില്‍ നിന്ന് തനിക്ക് ഒരു കോള്‍ വന്നതായി പരാതിക്കാരന്‍  പോലീസിനോട് പറഞ്ഞു. കോള്‍ എടുത്തെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. പിന്നീട് പലതവണ മിസ്ഡ് കോള്‍ വന്നിരുന്നു. ഇതിനിടയില്‍ 2-3 തവണ ഫോണെടുത്തെങ്കിലും വിളിക്കുന്നവര്‍ പ്രതികരിച്ചിരുന്നില്ല. ഈ പ്രക്രിയ ഏകദേശം 1 മണിക്കൂര്‍ നീണ്ടുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മെസ്സേജ് വന്നു, അത് കണ്ട് ഞെട്ടി. കാരണം, പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ പിന്‍വലിച്ചിരിക്കുന്നു എന്നതായിരുന്നു സന്ദേശം. 

മൊബൈല്‍ ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ പ്രതികള്‍ക്ക് ഒടിപി ലഭിച്ചതായുള്ള വിവരം പരാതിക്കാരന് അറിയാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഡിസിപി സൈബര്‍ സെല്‍ അറിയിച്ചു. ജംതാരയില്‍ നിന്നാണ് ഇത്തരം സൈബര്‍ കുറ്റകൃത്യം നടത്തുന്നത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

അടുത്തിടെ, ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഒരു പ്രൊഫസറുടെ കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 625074 രൂപ ഹാക്കര്‍മാര്‍ പിന്‍വലിച്ചിരുന്നു. അദ്ദേഹം ഉടന്‍ തന്നെ എന്‍സിആര്‍പി ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.