തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി. 

മിക്‌സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലിം സംഘടനകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തിരക്കിട്ട് പരിഷ്‌കരണം വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കണം സംബന്ധിച്ച പഠിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും. ഖാദര്‍ കമ്മിറ്റി സ്‌കൂള്‍ സമയമാറ്റത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

അതേസമയം നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്‌കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തി. സര്‍ക്കാര്‍ ചിലവില്‍ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും ജെന്‍ഡര്‍ യൂണിഫോം ഇവിടെ നിന്ന് നിര്‍ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞത്.ലിംഗസമത്വത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് മിക്സ്ഡ് സ്‌കൂളുകള്‍ കൂടുതലായി വന്നതെന്നും മന്ത്രി പറഞ്ഞു.