ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. വിര്‍ച്വല്‍ ക്യൂ വഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം പ്രതിദിനം 90000 ആയി കുറച്ചു. നിലവില്‍ 1.20 ലക്ഷം പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഭക്തരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. 90000 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. 

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹമാണ് ഉണ്ടാകുന്നത്. ഒരു ലക്ഷത്തി രണ്ടായിരത്തോളം പേരാണ് ശനിയാഴ്ച്ച ദര്‍ശനത്തിന് എത്തിയത്. അത് പ്രശ്നങ്ങളുണ്ടാക്കിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അതേസമയം ഭക്തരരുടെ എണ്ണം 85000 പേരായി ചുരുക്കണമെന്നാണ് പോലീസും നിര്‍ദേശിച്ചിരുന്നു. 

പുലര്‍ച്ചെ നാലുമണിക്കാണ് നട സാധാരണ നട തുറന്നിരുന്നത്. 12 മണിക്ക് അടയ്ക്കും. വീണ്ടും നാലു മണിക്ക് തുറന്ന് 10 മണിക്ക് അടയ്ക്കുന്നതായിരുന്നു പതിവ്. എന്നാല്‍ തീര്‍ത്ഥാടക പ്രവാഹം കണക്കിലെടുത്ത് ഇത്തവണ നട തുറക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്കായി ക്രമീകരിച്ചിരുന്നു.ഉച്ചയ്ക്ക് ഒരുമണി വരെയും, തുടര്‍ന്ന് നട അടച്ച ശേഷം മൂന്നു മണിക്ക് നട തുറന്ന് 11 മണി വരെയുമാണ് ഇത്തവണ ദര്‍ശനം അനുവദിച്ചിരുന്നത്. എന്നാല്‍ തീര്‍ത്ഥാടക തിരക്ക് പരിഗണിച്ച് ഉച്ചയ്ക്ക് ഒന്നര വരെ നട തുറന്നിരിക്കാനും, രാത്രി നട അടയ്ക്കുന്നത് രാത്രി 11.30 ആക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഒരു ദിവസം 19 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് സമയം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.