“സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.”

ജർമ്മൻ മിഷനറിയായ വോൾബ്രീറ്റ് നാഗൽ (വി നാഗൽ) രചിച്ച സമയമാം രഥത്തിലിന് 125 വയസ് പൂർത്തിയാകുകയാണ്. അരനാഴിക നേരം എന്ന സിനിമയിൽ വരികളിൽ മാറ്റം വരുത്തി വയലാർ രാമവർമ്മ ഉപയോഗിച്ചതോടെയാണ് മലയാളത്തിൽ ഈ ഗാനം പ്രശസ്തി നേടുന്നത്. ആദ്യകാലത്ത് പ്രതീക്ഷയുടെ ഗാനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് കേരളത്തിലെ ക്രൈസ്തവർ ശവസംസ്കാര ചടങ്ങുകളിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ മരണ ഗാനം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

പാട്ടിന്റെ വരികളിൽ ചെറു തിരുത്തലുകൾ വരുത്തിയാണ് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അരനാഴിക നേരത്തിൽ ഈ പാട്ട് ഉപയോഗിക്കുന്നത്. “എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.” എന്ന വരികൾക്ക് പകരമായി “എൻസ്വദേശം കാണ്മതിന്നായ് ഞാൻ തനിയെ പോകുന്നു.” എന്നാണ് വയലാർ ചേർത്തത്. “യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ” എന്ന വരികൾക്കു പകരമായി “ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാൻ” എന്ന വരികളും ചേർത്തു.

കേരളത്തിലെ ക്രൈസ്തവർക്കിടയിൽ നാഗലിന്റെ ഗാനങ്ങൾ സഭാ വ്യത്യാസമില്ലാതെ പാടാറുണ്ട്. നാഗൽ സായിപ്പ് എന്നാണ് അദ്ദേഹം ക്രൈസ്തവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ദുഖിതർക്ക് ആശ്വാസം പകരുന്നവയും സ്തോത്രഗീതങ്ങളുമാണ് നാഗൽ എഴുതിയ പാട്ടുകളിൽ ഭൂരിപക്ഷവും.

21 ഭാഷകളിലേക്ക് ‘സമയമാം രഥത്തിൽ’ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിത യാത്രയുടെ അവസാനം സ്വർഗത്തിൽ ദൈവത്തിന്റെ കൈകളിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് ഈ പാട്ട് നൽകുന്നത്. 1897ൽ കുന്നംകുളത്തു നിന്നും കണ്ണൂരിലേക്കുള്ള യാത്രയിലാണ് സമയമാം രഥത്തിൽ എഴുതിയതെന്ന് പറയപ്പെടുന്നു.

1867 നവംബർ മൂന്നിന് ജർമ്മനിയിലെ ഹെസൽ നഗരത്തിലാണ് വി നാഗലിന്റെ ജനനം. സുവിശേഷ വേലയ്ക്കായി 23-ാം വയസിലാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. സുവിശേഷ പ്രഘോഷണം എളുപ്പമാക്കുന്നതിന് അദ്ദേഹം മലയാളം പഠിക്കുകയും അതിൽ പ്രവീണ്യം നേടുകയും ചെയ്തു. എഴുപതിൽ അധികം മലയാളം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

1914ൽ ജന്മനാട് സന്ദർശിക്കുന്നതിനായി ജർമ്മനിയിലേക്ക് പോയ നാഗലിന് കേരളത്തിലേക്ക് മടങ്ങാൻ സാധിച്ചില്ല. ജന്മനാട്ടിൽ പോയി ആറ് മാസത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ തിരിച്ചുവരവ് സാധ്യമായില്ല. ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കാതിരുന്നതാണ് കാരണം. കേരളത്തിലേക്കുള്ള മടക്കം സാധ്യമാകാത്തതിൽ വിഷണ്ണനായിരുന്നു അദ്ദേഹം. 1921 മെയ് 12നാണ് അദ്ദേഹം മരണപ്പെടുന്നത്.