ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടായ തർക്കം പരിഹരിക്കാൻ രാഹുൽ ഗാന്ധി മുന്നിട്ടിറങ്ങി. മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭ സിങ് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ഏറ്റവും കൂടുതൽ അവകാശ വാദം ഉന്നയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഷിംലയിൽ ചേർന്ന നിയമസഭ കക്ഷി എം.എൽ.എമാരുടെ യോഗത്തിൽ സുഖ്‍വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. രാഹുലിന്റെ വിശ്വസ്തൻ കൂടിയായ അദ്ദേഹം ഇന്ന് ഹിമാചലിലെ 15ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

പ്രതിഭയെ കോൺഗ്രസ് നേതൃത്വം അവഗണിച്ചുവെന്ന പരിഭവത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ സുഖുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിഭ സിങ്ങിനെ രാഹുൽ ഗാന്ധി ആലിംഗനം ചെയ്തതോടെ അവരുടെ പരിഭവങ്ങൾ അലിഞ്ഞില്ലാതായി.

പാർട്ടി നേതൃത്വം സുഖുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ, പ്രതിഭ സിങ്ങിന്റെ കുടുംബം അനിഷ്ടം പരസ്യമാക്കിയില്ല. കണക്കു കൂട്ടലുകൾ തെറ്റിച്ച് അനിഷ്ടം മാറ്റിവെച്ച് അവർ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കുകയും ചെയ്തു. അവിടെ വെച്ചാണ് രാഹുൽ അവരെ ആലിംഗനം ചെയ്തതും.

അതേസമയം, പ്രതിഭയെ മാറ്റിനിർത്തിയെങ്കിലും മകൻ വിക്രമാദിത്യ സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. തന്റെ മകനെ മന്ത്രിയാക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്നാണ് പ്രതിഭ സിങ് പറയുന്നതും.