ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ സുഖ്‍വിന്ദർ സിങ് സുഖുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചൽ പ്രദേശിന്‍റെ പുരോഗതിക്കായി സാധ്യമായ എല്ലാ സഹകരണവും കേന്ദ്രസർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മോദി അറിയിച്ചു.

‘ഹിമാചൽ പ്രദേശിന്‍റെ മുഖ്യമന്ത്രിയായി അധികാരമേറ്റ സുഖ്‍വിന്ദർ സിങ് സുഖുവിന് അഭിനന്ദനങ്ങൾ. ഹിമാചൽ പ്രദേശിന്‍റെ പുരോഗതിക്കായി സാധ്യമായ എല്ലാ സഹകരണവും കേന്ദ്രസർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് ഉറപ്പുതരുന്നു -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചക്ക് 1.30ന് ഷിംലയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സുഖ്‍വിന്ദർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശനിയാഴ്ച ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് സുഖ്‍വിന്ദറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി​യുടെ അടുത്ത അനുയായിയാണ് സുഖ്‍വിന്ദർ സിങ് സുഖു.

68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു.