തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സ്വര്‍ണ്ണ കടത്തു കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് (ED) ഇടപെടലുകള്‍. വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പിടികൂടിയത്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്‌ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമായ അബൂബക്കര്‍ പഴേടത്തിന്റെ സ്വകാര്യ കേന്ദ്രത്തിലെ ‘രഹസ്യ അറയില്‍’ നിന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.

സമീപകാലത്ത് ജീവനില്ലാതെ കിടന്ന കേസിനാണ് റെയ്ഡിലൂടെ വീണ്ടും ജീവന്‍ വച്ചിരിക്കുന്നത്. അതേസമയം, ‘സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ’ സംസ്ഥാനത്ത് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ബാഗ്ലൂരിലേക്ക് വിചാരണ മാറ്റണമെന്ന ആവശ്യമാണ് ഇഡി സുപ്രീംകോടതിക്ക് മുമ്പില്‍ വച്ചിരുന്നത്. ഇതില്‍ വിശദമായ വാദം കേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെയാണ് കേസില്‍ വീണ്ടും ഇഡി സംഘം റെയ്ഡ് തുടങ്ങിയിരിക്കുന്നത്. 

2020 ജൂലൈ 5 ന് തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത് സംബന്ധിച്ച് ഇഡിക്ക് പുറമെ എന്‍ഐഎയും കസ്റ്റംസ് വകുപ്പും പ്രത്യേകം അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ നേതൃത്വത്തില്‍ സരിത് പി.എസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ സ്വര്‍ണക്കടത്തിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ ആണ് മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്ന് ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജൂലൈയില്‍ കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണത്തിലെ മൂന്ന് കിലോ സ്വര്‍ണം അബൂബക്കര്‍ പഴേടത്തിന്റേതാണെന്നും ഇഡി വ്യക്തമാക്കി. കസ്റ്റംസ് പിടികൂടിയ മൂന്ന് കിലോ സ്വര്‍ണം തന്റേതാണെന്നും യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി നേരത്തെയും സമാനമായ രീതിയില്‍ 6 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പഴേടത്ത് സമ്മതിച്ചതായും ഇഡി അറിയിച്ചു.

പഴേടത്തിന്റെ സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ 2.51 കോടി രൂപ വിലമതിക്കുന്ന 5.058 കിലോഗ്രാം സ്വര്‍ണവും 3.79 ലക്ഷം രൂപയും കണ്ടെടുത്തുവെന്ന് ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പിലുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍, ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ എന്നിവരെ കൂടാതെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായിരുന്ന സരിതിനെയും സ്വപ്ന സുരേഷിനെയും കേസില്‍ നേരത്തെ ഇഡി അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി സ്വപ്നയുടെ പങ്കാളിയായ അബൂബക്കര്‍ ഹാജിയെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകള്‍ നിലനില്‍ക്കുന്നതായാണ് ഇ.ഡിക്കു ലഭിച്ചിരിക്കുന്ന വിവരം. മലപ്പുറം കോട്ടപ്പടിയില്‍ താലൂക്ക് ആശുപത്രിക്കു എതിര്‍വശത്താണ് മലബാര്‍ ജ്വല്ലറി സ്ഥിതിചെയ്യുന്നത്. നിലവില്‍ ഷോപ്പ് പൂട്ടിയിരിക്കുകയാണ്. വിപുലീകരണാര്‍ഥം കുറച്ചു ദിവസം അവധിയായിരിക്കുമെന്ന ബോര്‍ഡും പുറത്തുതൂക്കിയിട്ടുണ്ട്. ഇ.ഡി.യുടെ റെയ്ഡും കട പൂട്ടിച്ചതും മറച്ചുവെക്കാനാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.

പരിശോധനകളില്‍ കണ്ടെത്തിയ 5.058 കിലോഗ്രാം സ്വര്‍ണത്തില്‍ നയതന്ത്രപാഴ്സല്‍ കള്ളക്കടത്തിലൂടെ കൊണ്ടുവന്ന സ്വര്‍ണമുണ്ടെന്ന് ഇഡി അവകാശപ്പെടുമ്പോള്‍, കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവര്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടാകും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പേര് കേസില്‍ ഉള്‍പ്പെടുന്നതോടെ പ്രതിപക്ഷം ഇനി സര്‍ക്കാരിനെതിരെ കൂടി തിരിയും. നിയമസഭ സമ്മേളം നടക്കുന്ന വേളയില്‍ പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാരിന് തലവേദ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.