വാഷിങ്ടൺ: എൽ.ജി.ബി.ടി.ക്യു സമൂഹ​ത്തെ പിന്തുണക്കുന്നതിനായി മഴവിൽ ഷർട്ട് ധരിച്ചതിന്റെ പേരിൽ ഖത്തറിൽ വിലക്ക് നേരിട്ട യു.എസ് മാധ്യമപ്രവർത്തകൻ അന്തരിച്ചു. ഫിഫ ​ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യു.എസ് മാധ്യമപ്രവർത്തകനായ ഗ്രാന്റ് വാഹ്ൽ(48) ഖത്തറിലെത്തിയത്.

അർജന്റീനയും നെതർലൻഡ്സും തമ്മിലുള്ള മത്സരം കവർ ചെയ്യുന്നതിനിടയിലാണ് ​ഗ്രാന്റ് കുഴഞ്ഞുവീണത്. മുൻ സ്​പോർട്സ് ഇലസ്ട്രേറ്റഡ് ജേണലിസ്റ്റായ ഗ്രാന്റിന്റെ മരണത്തിനു പിന്നിൽ ഖത്തർ ആണെന്ന് സഹോദരൻ എറിക് ആരോപിച്ചു. ”എന്റെ പേര് എറിക് വാഹ്ൽ. വാഷിങ്ടണിലെ സീറ്റിലിൽ ആണ് താമസം. ഞാൻ ഗ്രാന്റ് വാഹ്‍ലിന്റെ സഹോദരനാണ്. ഞാനൊരു സ്വവർഗാനുയായി ആണ്. ഞാൻ കാരണമാണ് ഗ്രാന്റ് ലോകകപ്പ് വേദിയിൽ മഴവിൽ ഷർട്ട് ധരിച്ചെത്തിയത്. എന്റെ സഹോദരൻ ആരോഗ്യവാനായിരുന്നു. മഴവിൽ ഷർട്ട് ധരിച്ചതിന്റെ പേരിൽ തനിക്ക് തുടരെ തുടരെ വധഭീഷണി ലഭിച്ചതായി സഹോദരൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെത് സാധാരണ മരണമല്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. സഹായത്തിനായി കേഴുകയാണ് ഞാൻ”-ഇന്റസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ എറിക് പറഞ്ഞു.

ആശുപത്രിയിൽ വെച്ചാണോ, യാത്രക്കിടയിലാണോ ഗ്രാന്റിന് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ യു.എസ്.എ-വെയിൽസ് മത്സരം കാണാൻ മഴവിൽ ഷർട്ട് ധരിച്ചെത്തിയപ്പോൾ, അത് ഊരിമാറ്റാതെ കളി കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സുരക്ഷ അധികൃതർ തടഞ്ഞതായി ഗ്രാന്റ് പറഞ്ഞിരുന്നു. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാതിരിക്കാൻ ഗ്രാന്റിന്റെ ​മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. സംഭവത്തിൽ പിന്നീട് സുരക്ഷ ഉദ്യോഗസ്ഥർ മാപ്പുപറഞ്ഞിരുന്നു. ഫിഫ അധികൃതരും ഗ്രാന്റിനോട് ക്ഷമാപണം നടത്തിയെന്നും എറിക് പറഞ്ഞു.