സെറിമോണിയൽ ഗാർഡുകൾ ധരിക്കുന്ന കരടി തല്ലുകൊണ്ടുണ്ടാക്കിയ തൊപ്പിയുടെ മറ്റൊരു പതിപ്പ് പരീക്ഷിക്കാൻ വിസമ്മതിച്ചതിന് യുകെ പ്രതിരോധ മന്ത്രാലയത്തിനെതിരെ കേസെടുക്കുമെന്ന് മൃഗാവകാശ സംഘടനയായ പെറ്റ പ്രഖ്യാപിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തുള്ള ചടങ്ങുകൾക്ക് എലൈറ്റ് റെജിമെന്റുകൾ ഉയരമുള്ള കറുത്ത തൊപ്പികൾ ധരിക്കുന്നു, ഇത് യുകെയിലെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിലൊന്നാണ്.

കനേഡിയൻ കറുത്ത കരടിയുടെ രോമങ്ങൾ ഇതിനായി ഉപയോഗിക്കുന്നതിനെതിരെ പെറ്റ ഏറെനാളായി പ്രതിഷേധത്തിലാണ്. അനിമൽ റൈറ്റ്സ് ഗ്രൂപ്പ് ഷാഗി അക്രിലിക് മെറ്റീരിയലിൽ നിന്ന് ഏതാണ്ട് ഇതിന് സമാനമായ തൊപ്പി സൃഷ്‌ടിച്ചിരുന്നു. “ഞങ്ങൾ കോടതിയുടെ ഇടപെടൽ തേടുകയാണ്, അതിനാൽ MoD (പ്രതിരോധ മന്ത്രാലയം) റിപ്പോർട്ട് പൂർണ്ണമായി വിലയിരുത്തുകയും ന്യായമായ നടപടിയിലൂടെ ഒരു പുതിയ തീരുമാനത്തിലെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്” പെറ്റയുടെ അഭിഭാഷക ലോർന ഹാക്കറ്റിനെ  ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു.

“നിർഭാഗ്യവശാൽ, അവർ കൃത്രിമ രോമ തൊപ്പിയുമായി മുന്നോട്ട് പോകാതെ പുരോഗതിയെ തടഞ്ഞുനിർത്തുകയാണ്. വർഷങ്ങളായി നിരവധി തവണ ഇത് ചെയ്യാൻ പ്രതിജ്ഞാബദ്ധരായ അവർ പരീക്ഷണത്തിന് വിസമ്മതിച്ചു. അതിനാൽ ഞങ്ങൾ ഇപ്പോൾ നിയമപരമായ വെല്ലുവിളി ഉയർത്തുന്ന ഘട്ടത്തിലാണ്, അതിലൂടെ തീരുമാനം പുനഃപരിശോധിക്കാൻ MoDയെ നിർബന്ധിക്കാൻ ശ്രമിക്കും” പെറ്റ സീനിയർ കാമ്പെയ്‌ൻ മാനേജർ കേറ്റ് വെർണർ പറഞ്ഞു.

ജൂലൈയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട ഒരു നിവേദനം ഓൺലൈനായി നൽകിയിരുന്നു. ഇതിന് പിന്നാലെ പാർലമെന്റ് വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. അതിനിടെ, അടുത്ത വർഷം നടക്കുന്ന കിരീടധാരണത്തിൽ ചാൾസ് മൂന്നാമൻ രാജാവിനോട് സ്‌റ്റോട്ട് എർമിൻ വസ്ത്രങ്ങൾക്ക് പകരം കൃത്രിമ രോമങ്ങൾ കൊണ്ടുള്ള വസ്‌ത്രങ്ങൾ ധരിക്കാനും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.