ആം ആദ്‌മി പാർട്ടിയിൽ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി തിരിച്ച് കോൺഗ്രസിലേക്ക് വന്നു. ശനിയാഴ്‌ച പുലർച്ചെയാണ് താൻ പഴയ പാർട്ടിയിൽ വീണ്ടും ചേർന്നതായി അലി മെഹ്ദി പ്രഖ്യാപിച്ചത്. താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകനാണെന്ന് മെഹ്ദി ട്വിറ്ററിൽ കുറിച്ചു. മുസ്‌തഫാബാദിൽ നിന്നുള്ള കൗൺസിലർമാരായ സബീല ബീഗം, ബ്രിജ്‌പുരിയിൽ നിന്നുള്ള നാസിയ ഖാത്തൂൺ എന്നിവരും തനിക്കൊപ്പം കോൺഗ്രസിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഹ്ദിയുടെ തീരുമാനത്തിനെതിരെ മുസ്‌തഫാബാദിൽ പ്രതിഷേധം ഉയരുകയും പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ മറുകണ്ടം ചാടിയതിന് ആക്ഷേപിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് മടങ്ങാനുള്ള മെഹ്ദിയുടെ പ്രഖ്യാപനം.

ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ചുമതലയുള്ള മനു ജെയിൻ മെഹ്ദിയെ ‘പാമ്പ്’ എന്നാണ് നേരത്തെ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, താൻ കോൺഗ്രസിൽ വീണ്ടും ചേർന്നുവെന്ന മെഹ്ദിയുടെ പ്രഖ്യാപനത്തിന് ശേഷം നിരവധി പാർട്ടി നേതാക്കൾ ഓൺലൈനിൽ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ 134ലും വിജയിച്ച് എഎപി നിർണായക വിജയം അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ ഒമ്പത് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചെങ്കിലും സബീല ബീഗവും നാസിയ ഖാത്തൂണും എഎപിയിൽ ചേർന്നതായി പ്രഖ്യാപിച്ചതോടെ എണ്ണം ഏഴായി ചുരുങ്ങിയിരുന്നു.