ഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ മാത്രം നേടിയിട്ടും എഎപി വിജയാവകാശം ഉന്നയിക്കുന്നതില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ .കോഹ്ലി പോലും എല്ലാ ദിവസവും സെഞ്ച്വറി നേടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അജണ്ട ആജ് തക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന എഎപിയും അവകാശവാദത്തെക്കുറിച്ചും പഞ്ചാബ് മുഖ്യമന്ത്രി മറുപടി നല്‍കി.’കുറഞ്ഞത് രേഖാമൂലം നല്‍കാനെങ്കിലും കെജ്രിവാളിന് ധൈര്യമുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസിനെപ്പോലെ സ്ഥലം വിടുന്നില്ല പകരം കഠിനാധ്വാനം ചെയ്യുന്നു. പഞ്ചാബില്‍ നിന്ന് ഗുജറാത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഒരു ദേശീയ പാര്‍ട്ടിയാണ്.’ അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ പാര്‍ട്ടിക്ക് 13 ശതമാനം വോട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ പൂജ്യത്തില്‍ നിന്ന് 5-ലേക്ക് എത്തിയിരിക്കുന്നു, അതിനാല്‍ ഞങ്ങള്‍ പരാജയപ്പെട്ടില്ല’ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. മൂന്നെണ്ണത്തില്‍ ഒരു തിരഞ്ഞെടുപ്പില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ഹിമാചല്‍ പ്രദേശിലും എംസിഡിയിലും ബിജെപി തോറ്റെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു.’മറ്റൊരു പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന ഒരാളല്ല ഈ പാര്‍ട്ടി രൂപീകരിച്ചത്. രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കാണ് പാര്‍ട്ടി വഴിയൊരുക്കിയത്. അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നത്. രാമലീല ഗ്രൗണ്ടില്‍ നിന്നാണ് അത് ഉയര്‍ന്നുവന്നത്.’മാന്‍ പറഞ്ഞു.